ജഗതി ചേട്ടനിലൂടെയാണ് ഒരു ആർട്ടിസ്റ്റ് ആദ്യമായി അഭിനയിച്ചുകാണുന്നത്: സിറാജുദ്ദീൻ നാസർ
Malayalam Cinema
ജഗതി ചേട്ടനിലൂടെയാണ് ഒരു ആർട്ടിസ്റ്റ് ആദ്യമായി അഭിനയിച്ചുകാണുന്നത്: സിറാജുദ്ദീൻ നാസർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th July 2025, 10:56 pm

അഹമ്മദ് കബീറിൻ്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. രണ്ട് വർഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിൻ്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്. ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായി ബന്ധപ്പെട്ട കേസ് അന്വേഷണമാണ് ആദ്യഭാഗത്തിലെ കേസ്.

അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ തിരോധാനത്തിൽ മുന്നോട്ട് പോകുന്ന കഥയാണ് രണ്ടാം ഭാഗം പറയുന്നത്. കേരള ക്രൈം ഫയൽസ് സീസൺ 2വിൽ മികച്ച പ്രകടനം നടത്തിയ നടനാണ് സിറാജുദ്ദീൻ നാസർ. ബിജു മേനോൻ നായകനായ ‘ഭരതൻ ഇഫക്ട്’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച സിറാജുദ്ദീൻ പിന്നീട് ഷോർട്ട് ഫിലിമിലും സിനിമയിലും ഭാഗമായി. ആർ.ഡി.എക്സ് എന്ന ചിത്രത്തിൽ രതീഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഭരതന്‍ ഇഫക്ട് എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും താന്‍ എന്നും രാവിലെ ഷൂട്ടിങ് കാണാന്‍ പോകുമായിരുന്നെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിൽ ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത് കണ്ട് താന്‍ എക്‌സൈറ്റഡ് ആയെന്നും അദ്ദേഹത്തിലൂടെയാണ് ഒരു ആര്‍ട്ടിസ്റ്റ് അഭിനയിക്കുന്നത് കാണുന്നതെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

അതാണ് സിനിമയിലെ തന്റെ ആദ്യത്തെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് ഭരതന്‍ ഇഫക്ട് എന്നൊരു പടം എന്റെ വീടിന്റെ അടുത്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഞാന്‍ അതില്‍ ചെറിയ വേഷം ചെയ്തിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മറ്റൊരു വീട്ടില്‍ തന്നെയാണ് ഷൂട്ടിങ് നടന്നിരുന്നത്. ഞാന്‍ രാവിലെ ചെന്ന് അവിടെ നില്‍ക്കും.

വൈകുന്നേരം പാക്ക്അപ് ചെയ്യുമ്പോഴാണ് പിന്നെ ഷൂട്ടിങ് സ്ഥലത്തുനിന്നും പോകുന്നത്. ബ്രേക്ക് വിളിക്കുമ്പോള്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ട് പിന്നെയും പോകും. അപ്പോള്‍ ഈ സമയത്ത് ജഗതി ചേട്ടന്റെ അടുത്ത് ഒരു സീന്‍ പറയുന്നുണ്ട് ‘കുറച്ച് ഒബ്‌ജെക്ട്‌സ് എയരില്‍ പൊങ്ങി നില്‍ക്കും. അതുകണ്ടിട്ട് ഞെട്ടണം. എന്നാല്‍ ശരിക്കും അവിടെ ഒബ്‌ജെക്ട് ഇല്ല’ ഇത് ഡയറക്ടര്‍ പറഞ്ഞുകൊടുക്കുന്നത് പുറകില്‍ നിന്നും ഞാന്‍ കേള്‍ക്കുന്നുണ്ട്.

ആ സീന്‍ എങ്ങനെ അദ്ദേഹം ചെയ്യുമെന്ന് കാണാന്‍ ഞാന്‍ പുറകില്‍ നിന്ന് നോക്കുകയാണ്. അപ്പോള്‍ തന്നെ അദ്ദേഹം വന്നൊരു സാധനം ചെയ്തു. ഒരു ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കുന്നത് കാണുന്നത് ജഗതി ചേട്ടനിലൂടെയാണ്. അതാണ് ആദ്യത്തെ എക്‌സ്പീരിയന്‍സ്,’ സിറാജുദ്ദീന്‍ നാസര്‍ പറയുന്നു.

Content Highlight: Sirajudheen Nazar talking about Jagathy Sreekumar