മലയാളത്തിലെ പ്രശസ്തയായ പിന്നണി ഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണന്‍. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ ‘വളകിലുക്കം കേട്ടടി’ എന്ന മോഹന്‍ സിതാര പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് വന്നതെങ്കിലും നമ്മള്‍ എന്ന സിനിമയിലെ ‘സുഖമാണീ നിലാവ്’ എന്ന ഗാനമാണ് ജ്യോത്സ്‌നയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.
മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് ജ്യോത്സ്‌ന പിന്നണി പാടിയിട്ടുണ്ട്. കറുപ്പിനഴക് (സ്വപ്നക്കൂട്), മെല്ലെയൊന്നു പാടു (മനസിനക്കരെ), മെഹറുബാ (പെരുമഴക്കാലം) എന്നിവ ജ്യോത്സ്‌നയുടെ പ്രശസ്ത ഗാനങ്ങളാണ്. ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി സംഗീത പരിപാടികളില്‍ ജഡ്ജായും പങ്കെടുക്കാറുണ്ട് ജ്യോത്സ്‌ന.
വ്യത്യസ്ത ശബ്ദമുള്ള പല കുട്ടികളും ഡീമോട്ടിവേറ്റഡ് ആയാണ് വരുന്നതെന്നും പക്ഷെ അതാണ് അവരെ വ്യത്യസ്തമാക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നില്ലെന്നും ജ്യോത്സ്‌ന പറയുന്നു. ഒരു ജഡ്ജ് എന്ന നിലയില്‍ അവരെ അത് മനസ്സിലാക്കിക്കുന്നതാണ് തന്റെ ജോലിയെന്നും അതാണിപ്പോള്‍ ചെയ്യുന്നതെന്നും ജ്യോത്സ്‌ന പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘പുതിയ കുട്ടികള്‍ പാടുന്നത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. ചിലപ്പോള്‍ വലിയ ഡിഫറന്റായിട്ടുള്ള സ്റ്റാന്‍ഡ് ഔട്ട് ടോണ്‍സുള്ള കുട്ടികളുണ്ടാകും. അപ്പോള്‍ അതെന്നെ ആവേശത്തിലാക്കാറുണ്ട്. എനിക്ക് തോന്നിയിട്ടുണ്ട് കുറച്ച് ഡിഫറന്റായിട്ടുള്ള വോയിസുള്ള പല കുട്ടികളും ആദ്യം വരുമ്പോള്‍ ‘ഓ എല്ലാവരും എന്നോട് പറയും എന്റെ ശബ്ദം ഇങ്ങനെയാണ് അതുകൊണ്ട് എന്ത് പാടിയാലും കാര്യമില്ല’ എന്ന്.
മൊത്തത്തില്‍ ഡീമോട്ടിവേറ്റഡ് ആയിട്ട് വരുന്ന കുട്ടികളുണ്ട്. പക്ഷെ അതാണ് അവരെ യുനീക് ആക്കുന്ന കാര്യമെന്ന് പലപ്പോഴും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. അവര്‍ക്ക് അതാണ് പരിചിതം. അപ്പോള്‍ ഒരു ജഡ്ജ് എന്ന നിലയില്‍ അത് മനസ്സിലാക്കി കൊടുക്കുന്നതാണ് എന്റെ ജോലി. അതാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്,’ ജ്യോത്സ്‌ന പറഞ്ഞു.
സിനിമാമേഖലയിലേക്ക് വന്ന സമയത്ത് മലയാളത്തിലെ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അധികാരസ്വരം ആയിരുവെന്ന് പറഞ്ഞിട്ടുണ്ട് ജ്യോത്സ്‌ന. പാടുന്നവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ എല്ലാവരും അങ്ങനെയല്ലെന്നും ജ്യോത്സ്‌ന അഭിമുഖത്തില്‍ പറയുന്നു.
Content Highlight: Singer Jyotsna Talks About Music