ഈ ചിത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ ഔദാര്യത്തിന്റെയാണ്, നിങ്ങള്‍ വിലയിടുന്നത് ഒരു കൂട്ടം മനുഷ്യരുടെ സ്വത്വത്തിനാണ്‌
Opinion
ഈ ചിത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ ഔദാര്യത്തിന്റെയാണ്, നിങ്ങള്‍ വിലയിടുന്നത് ഒരു കൂട്ടം മനുഷ്യരുടെ സ്വത്വത്തിനാണ്‌
സിന്ധു നെപ്പോളിയൻ
Tuesday, 9th June 2020, 1:40 pm
'ഞാന്‍ പോകുന്നു'എന്നു മാത്രം എഴുതിവെച്ച് മരിക്കാന്‍ തീരുമാനിക്കേണ്ടി വന്നൊരു പതിനഞ്ച് വയസുകാരിയുടെ നിസ്സഹായാവസ്ഥയും അതിലേക്ക് ആ പെണ്‍കുട്ടിയെ എത്തിച്ച സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും നമ്മുടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പല തലത്തില്‍ നിന്നുള്ള ചര്‍ച്ചകള്‍ക്ക് രൂപം നല്‍കിയിരുന്നു.

മലപ്പുറം വളാഞ്ചേരി സ്വദേശിനിയും ദളിത് സമുദായാംഗവുമായ ദേവിക എന്ന പത്താക്ലാസുകാരിയുടെ മരണം സംസ്ഥാനമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നുവല്ലോ. കൊവിഡിനെത്തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈന്‍ തലത്തിലേക്ക് മാറിയതോടെ കേബിള്‍ കണക്ഷനുള്ള ടെലിവിഷനോ ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ടാബ് എന്നിവയോ കയ്യെത്തും ദൂരത്തില്ലാത്ത വിദ്യാത്ഥികളിലൊരാളായിരുന്നു ദേവികയും.

‘ഞാന്‍ പോകുന്നു’എന്നു മാത്രം എഴുതിവെച്ച് മരിക്കാന്‍ തീരുമാനിക്കേണ്ടി വന്നൊരു പതിനഞ്ച് വയസുകാരിയുടെ നിസ്സഹായാവസ്ഥയും അതിലേക്ക് ആ പെണ്‍കുട്ടിയെ എത്തിച്ച സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും നമ്മുടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പല തലത്തില്‍ നിന്നുള്ള ചര്‍ച്ചകള്‍ക്ക് രൂപം നല്‍കിയിരുന്നു.

‘ഡിജിറ്റല്‍ ഡിവൈഡ്’ അഥവാ ഡിജിറ്റല്‍ സാങ്കേതികവിദ്യ കൈപ്പിടിയില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരവും ഒരുപക്ഷേ ആദ്യമായി വലിയ തോതില്‍ ചര്‍ച്ചാവിഷയമായി. ഇതിനോടകം പലരും പലയിടത്തായി പറഞ്ഞുവച്ച ഇത്തരം വിഷയങ്ങളിന്മേല്‍ കൂടുതല്‍ വിസ്താരം
നടത്താന്‍ ഈ ലേഖനം ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം സമൂഹത്തിന് വീണ്ടുവിചാരം ഉണ്ടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതീയതയെപ്പറ്റി പ്രബന്ധങ്ങളും സെമിനാറുകളും നിരന്തരമെന്നോണം ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു.

ഒരു കേന്ദ്രസര്‍വ്വകലാശാലയുടെ തലപ്പത്തിരിക്കുന്നവര്‍ തന്റെ ജാതിയുടെ പേരില്‍ തനിക്ക് നീതി നിഷേധിക്കുന്നു എന്ന് യൂണിവേഴ്സിറ്റി സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ആഴ്ച്ചകളോളം ഒരു കൂട്ടം ദളിത് യുവാക്കള്‍ തങ്ങളുടെ സര്‍വ്വകലാശാലാ വളപ്പില്‍ സമരവും നടത്തി വന്നിരുന്നു. എന്നിട്ടും ഉണരാതിരുന്ന പൊതുജനരോഷം ഉണര്‍ന്നത് സമരത്തിനറെ ഭാഗമായി നിന്നിരുന്ന ഒരു യുവാവ് ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ളിലെ ജാതീയതയുടെ വികൃതമുഖം രാജ്യമെമ്പാടും ചര്‍ച്ചയാക്കാന്‍ രോഹിത്തിനെപ്പോലെ അതിഗംഭീര അക്കാദമിക മികവുള്ളൊരാളുടെ ആത്മഹത്യ വേണ്ടിവന്നു.

കുറേക്കൂടി പ്രാദേശിക ഉദാഹരണങ്ങളിലേക്ക് വന്നാല്‍, വയനാട്ടില്‍ സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് വയനാട്ടിലെ സ്‌കൂളുകളിലെ സുരക്ഷയെപ്പറ്റിയും ആ ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റിയും രാജ്യം മുഴുവനും ചര്‍ച്ചയായത് (രാഹുല്‍ ഗാന്ധി വയനാടിന്റെ എംപി ആയതിന്റെ പേരിലാണ് ഈ സംഭവം ദേശീയ ശ്രദ്ധ നേടിയതെന്ന വാദവും അംഗീകരിക്കുന്നു).

ഈ സംഭവങ്ങളിലെല്ലാം സര്‍ക്കാരിന് നേരെ വിരല്‍ ചൂണ്ടാനും പൊതുജനത്തിനിടയില്‍ വലിയ തോതില്‍ ചര്‍ച്ചയാവാനും ഒരാളുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് വെളിവാക്കപ്പെടുന്നുണ്ട്. മലപ്പുറത്ത് മരിച്ച ദേവികയുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കണമെങ്കില്‍ ടെലിവിഷനോ കംപ്യൂട്ടറോ ടാബോ ഒരു സ്മാര്‍ട്ട്‌ഫോണോ എങ്കിലും ഉപയോഗിക്കാനാവുന്ന അവസ്ഥയിലാണ് കേരളത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്ളതെന്ന് സര്‍ക്കാരും ബന്ധപ്പെട്ട സംവിധാനങ്ങളും ഉറപ്പാക്കണമായിരുന്നു. സര്‍ക്കാരിന് മാത്രമല്ല, പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടായിരുന്നു.

ജൂണ്‍ ഒന്നാം തിയതി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്ന ദിവസം വരെ അത്തരമൊരു സാമൂഹിക ഇടപെടലോ ഉത്തരവാദിത്വമോ ആരില്‍ നിന്നും കണ്ടില്ലെങ്കിലും ദേവിക മരിച്ച ജൂണ്‍ രണ്ടിന് ശേഷം ഈ സാമൂഹിക പ്രതിബദ്ധത വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഫെയ്സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ മാത്രമല്ല പത്രത്താളുകളിലും പെട്ടെന്ന് രൂപപ്പെട്ടൊരീ പ്രത്യേകതരം പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ച ചിത്രങ്ങളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

സ്വന്തമായി ടെലിവിഷനും മറ്റും ഇല്ലാത്തവരുടെ വീടുകളില്‍ ആറും പത്തും പേരുള്ള കൂട്ടങ്ങളായെത്തി (സാമൂഹിക അകലം പാലിക്കാറില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ) കവര്‍ പൊട്ടിക്കാത്തൊരു ടിവി വീട്ടിലുള്ളവര്‍ക്ക് നല്‍കുന്നതിന്റെ ചിത്രങ്ങളാണ് ഇന്ന് എവിടെ തിരിഞ്ഞാലും കാണാനാവുക. ആദിവാസി ഊരുകളിലും ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലും തീരപ്രദേശത്തും നിന്നാണ് ഇവരില്‍ പലരും ‘അര്‍ഹരെ’ തെരഞ്ഞെടുക്കുന്നത്.

ടെലിവിഷന്‍ വാങ്ങി നല്‍കുന്ന വീട്ടിലുള്ളവരെ അടുത്ത് പിടിച്ചു നിര്‍ത്തി ടെലിവിഷനും കംപ്യൂട്ടറുമൊക്കെ അവര്‍ക്ക് കൈമാറുന്ന ചിത്രങ്ങള്‍ മുന്‍കൂട്ടി പറഞ്ഞു തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നവരെ കൊണ്ട് എടുപ്പിക്കുന്നു. ആ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ച്, തങ്ങളുടെ ഉദാരത നാട്ടുകാരെ അറിയിക്കുന്നതും കൂടി പൂര്‍ത്തിയാവുമ്പോഴാണ് ഈ മനുഷ്യത്വരഹിതമായ പ്രക്രിയ അവസാനിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഈ പി.ആര്‍ പരിപാടിയില്‍ പുറകിലല്ലെന്നതാണ് വാസ്തവം.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും മുസ്ലീം ലീഗും എല്ലാം ഈ പടങ്ങള്‍ നാട്ടുകാരെ കാണിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. നാട്ടിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍, ക്ലബ്ബുകാര്‍, മത-സാംസ്‌ക്കാരിക സംഘടനകള്‍ എന്നു തുടങ്ങി എല്ലാവരും ടി.വി നല്‍കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്ന കാഴ്ച്ച കാണുമ്പോള്‍ സഹതാപം തോന്നിപ്പോവും. തന്റെ എതിര്‍വശത്ത് നില്‍ക്കുന്ന മനുഷ്യരുടെ അന്തസിനെപ്പറ്റി ലവലേശം ചിന്തയില്ലാത്തതാണ് ഇത്തരം പ്രവണതകള്‍ക്ക് കാരണം.

സ്വന്തം കുഞ്ഞുങ്ങളുടെ പഠനാവശ്യത്തിനായി ഒരു ടെലിവിഷന്‍ വീട്ടില്‍ വാങ്ങി വയ്ക്കാന്‍ സാധിക്കാത്ത മനുഷ്യര്‍ തന്നെക്കാള്‍ ഒരുപടി താഴെ നില്‍ക്കുന്നവരാണ് എന്ന സങ്കല്പത്തില്‍ നിന്നാണല്ലോ ഉദാരതയുണ്ടാവുന്നത്. ഈ ചിത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ ഔദാര്യത്തിന്റെയാണ്. താനോ തന്റെ സംഘടനയോ നല്‍കിയ ടെലിവിഷന്റെ ചിത്രം മാത്രമെടുത്താല്‍ പോരാ, അത് ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയും അവന്റെ/ അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബം മുഴുവനായും തനിക്കൊപ്പം ചിത്രത്തിനായി പോസ് ചെയ്യണം എന്ന നിര്‍ബന്ധബുദ്ധിയിലൂടെ നിങ്ങള്‍ വിലയിടുന്നത് ഒരു കൂട്ടം മനുഷ്യരുടെ സ്വത്വത്തിനെയാണ്.

അവനവന്‍ കടമ്പകള്‍ കടക്കാന്‍ ആഞ്ഞുതുഴയുന്ന മനുഷ്യരെ, അവരുടെ ജീവിതാവസാനം വരെ പിന്തുടരാനിടയുള്ള കടപ്പാട് എന്ന വലിയ കുരുക്കാണ് ഇത്തരം ചിത്രങ്ങളിലൂടെ മുറുക്കപ്പെടുന്നത്. ഈ കടപ്പാട് അത്ര വലിയ സംഗതിയാണോ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പഠനമോ ചികിത്സയോ കല്യാണമോ പോലുള്ള ഏതെങ്കിലുമൊരു ജീവിതാവശ്യത്തിനായി അന്യരില്‍ നിന്ന് സഹായം സ്വീകരിക്കേണ്ടി വന്ന മിക്കവരും കടപ്പാട് എന്ന നാലക്ഷരത്തിന്റെ ഭാരം ജീവിതാന്ത്യം വരെ ചുമക്കേണ്ടി വന്നവരാണ്.

ഇവിടെ മറ്റൊരാളുടെ സഹായം സ്വീകരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥിക്ക് മേലും അവരുടെ കുടുംബങ്ങള്‍ക്കു മേലും അത് വാങ്ങി നല്‍കുന്നവര്‍ എടുക്കുന്ന ചിത്രങ്ങളിലൂടെ നിര്‍മിക്കപ്പെടുന്ന പൊതുബോധവും കടപ്പാടിനെ ചുറ്റിപ്പറ്റിയുള്ളതായി മാറുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സഹായം ഏറ്റുവാങ്ങുന്ന മനുഷ്യര്‍ അശരണരാണെന്നും അവരെ സഹായിക്കേണ്ട്, സഹതാപത്തോടെ നോക്കേണ്ടവരാണ് തങ്ങളെന്നുമുള്ള ബോധ്യം പൊതുസമൂഹത്തിലേക്ക് എത്തുന്നു എന്നതാണ് ഈ പ്രശ്നത്തിന്റെ മറ്റൊരു വശം.

മറ്റൊരാളുടെ സഹായത്താല്‍ പഠിച്ചൊരു വിദ്യാര്‍ത്ഥി ഭാവിയില്‍ സിവില്‍ സര്‍വ്വീസ് പാസായെന്നിരിക്കട്ടെ. അവന്റെ/അവളുടെ വിജയം മറ്റാരുടെയോ സഹായത്തിന്റെയും സന്മനസിന്റെയും പ്രതിഫലമാണെന്നും അവന്‍/അവള്‍ സമൂഹത്തോടെും തന്നെ സഹായിച്ചവരോടും കൂറുള്ളവരായിരിക്കണമെന്നും പറയാതെ പറയുന്ന സമൂഹമാണ് നമ്മുടേതെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.

ആദിവാസി വിഭാഗത്തില്‍ നിന്ന് അടുത്തിടെ കോഴിക്കോട് കലക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നതിനിടെ സി.പി.ഐ.എം നേതാവ് വി.ശിവന്‍കുട്ടി നടത്തിയ ചില പ്രസ്താവനകളും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

സിവില്‍ സര്‍വ്വീസിന്റെ ശീതളിമയിലും അധികാരത്തിലും മയങ്ങാതെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രീധന്യക്ക് കഴിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിവില്‍ സര്‍വ്വീസ് നേടിയ മറ്റുള്ളവര്‍ക്ക് സുഖശീതളിമ ആവാമെങ്കിലും ശ്രീധന്യയെപ്പോലെ താഴെക്കിടയില്‍ നിന്ന് വന്നൊരാള്‍ക്ക് സമൂഹത്തോട് കൂടുതല്‍ കടപ്പാടുണ്ടെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചത്. കടപ്പാടിന്റെ കൈകള്‍ മനുഷ്യരെ ഏതെല്ലാം തരത്തില്‍ പിന്തുടരുന്നുണ്ടെന്ന് നോക്കൂ!

2009ലെ ഒരു ടെഡ് ടോക്കില്‍ (TED Talk) ല്‍ സംസാരിച്ച യുവ നൈജീരിയന്‍ എഴുത്തുകാരി ചിമാമണ്ട അടിച്ചി (Chimamanda Adichie)യുടെ ചില നിരീക്ഷണങ്ങള്‍ ഈ സന്ദര്‍ഭത്തിന് ഉചിതമാണെന്ന് കരുതുന്നു. 20 മിനിട്ട് ദൈര്‍ഘ്യമുള്ള ആ വീഡിയോയില്‍ അവര്‍ ആവര്‍ത്തിച്ചു പറയുന്നത് ഒറ്റപ്പെട്ട കഥകളുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയാണ്. ഒരു സമൂഹത്തെക്കുറിച്ച്/സമുദായത്തെക്കുറിച്ച് നിങ്ങള്‍ ഒരു കഥ മാത്രം അറിഞ്ഞുവയ്ക്കുന്നതിന്റെ അപകടമാണത്.

ചില മനുഷ്യരെപ്പറ്റി നാം പറഞ്ഞു കേള്‍ക്കുന്ന ഒറ്റപ്പെട്ട കഥകളിലൂടെ ആ മനുഷ്യരെപ്പറ്റിയുള്ള വാര്‍പ്പുമാതൃകകള്‍ അഥവാ സ്റ്റീരിയോടൈപ്പുകള്‍ നാം നിര്‍മിക്കുന്നു. വാര്‍പ്പുമാതൃകകള്‍ വ്യാജനിര്‍മിതികള്‍ ആയിരിക്കുമെന്ന് മാത്രമല്ല, അവ പലപ്പോഴും അപൂര്‍ണവുമായിരിക്കും. ഒറ്റപ്പെട്ട കഥകളിലൂടെ ഒരു വശത്തു നിന്ന് മാത്രം കണ്ട വിവരണമാണ് സമൂഹങ്ങളെപ്പറ്റിയും അതിലെ മനുഷ്യരെപ്പറ്റിയും നമുക്ക് ലഭിക്കുക. ഇത് വ്യക്തമാക്കാന്‍ ചിമാമണ്ട ഒരുദാഹരണവും വിവരിക്കുന്നുണ്ട്.

മോശക്കാരനായൊരു നൈജീരിയന്‍ യുവാവിനെ കേന്ദ്ര കഥാപാത്രമാക്കി താനെഴുതിയ നോവല്‍ വായിച്ച, ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥി നൈജീരിയക്കാരായ പുരുഷന്മാരെല്ലാം മോശപ്പെട്ടവരാണെന്ന് തന്നോട് പറഞ്ഞ അനുഭവമാണ് അവര്‍ വീഡിയോയില്‍ വിവരിച്ചത്. അതിന് മറുപടിയായി, അമേരിക്കന്‍ സൈക്കോ എന്ന പുസ്തകം വായിച്ചതോടെയാണ് അമേരിക്കക്കാരായ പുരുഷന്മാരെല്ലാം പരമ്പര കൊലയാളികള്‍ (Serial Killers) ആണെന്ന കാര്യം താനും മനസിലാക്കിയത് എന്ന് ഉരുളയ്ക്കുപ്പേരി പോലെ താന്‍ മറുപടി നല്‍കിയെന്നും അവര്‍ പറയുന്നു.

ഒരു സിനിമയിലൂടെയോ, ചിത്രത്തിലൂടെയോ, നോവലിലൂടെയോ ഒരാളുമായുള്ള സംഭാഷണത്തിലൂടെയോ ഒരിക്കല്‍ തനിക്കുണ്ടായ അനുഭവത്തിലൂടെയോ ഒക്കെ മറ്റൊരാളെപ്പറ്റി/സമുദായത്തെപ്പറ്റി നാം സ്വയം നിര്‍മിച്ചെടുക്കുന്ന വാര്‍പ്പുമാതൃകകള്‍ തീര്‍ത്തും അപകടകരമാണെന്നാണ് ചിമാമണ്ട പറഞ്ഞുവയ്ക്കുന്നത്.

നമ്മുടെ വിഷയത്തിലേക്ക് വന്നാല്‍, ടെലിവിഷന്‍ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും പൊതു ഇടങ്ങളിലേക്ക് പങ്കുവയ്ക്കുന്നവരും ഇതുപോലുള്ള ചില വാര്‍പ്പുമാതൃകകളുടെ നിര്‍മിതിയിലേക്ക് അറിഞ്ഞോ അറിയാതെയോ ഭാഗമാവുകയാണ്. നിങ്ങള്‍ സഹായിക്കുന്നവര്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളാണെന്നും അവര്‍ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നുമുള്ള ചിന്തയെ ഊട്ടിയുറപ്പിക്കുന്നതാണത്.

സമൂഹത്തിലേക്ക് തിരിച്ച ക്യാമറക്കണ്ണുകള്‍ കൂടാതെ സ്വകാര്യമായി മാത്രം ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ ആദ്യം പറഞ്ഞ ഡിജിറ്റല്‍ ഡിവൈഡിനെ കുറയ്ക്കാനുള്ള പരിശ്രമങ്ങളില്‍ നേരിട്ടല്ലാതെയെങ്കിലും പങ്കാളികളാവുകയാണ് നാം. ഉത്തരവാദിത്വപ്പെട്ടൊരു സമൂഹത്തില്‍ നിന്നും സംഘടനയില്‍ നിന്നും വ്യക്തിയില്‍ നിന്നുമെല്ലാം അത്തരമൊരു സമീപനമാണ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിന്ധു നെപ്പോളിയൻ
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ എം.എ. കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി. തിരുവനന്തപുഷം ജില്ലയിലെ പുല്ലുവിള എന്ന മത്സ്യബന്ധന ഗ്രാമമാണ് സ്വദേശം. Coastal Students Cultural Forum, Friends of Marine Life എന്നീ എൻ.ജി.ഒ. കളിൽ പ്രവർത്തിക്കുന്നു.