ആ മലയാള നടന്‍ ഒരു ഐക്കോണിക് ഫിഗറാണ്, ഇപ്പോഴും കുറച്ച് പോലും മാറിയിട്ടില്ല: സിമ്രാന്‍
Entertainment
ആ മലയാള നടന്‍ ഒരു ഐക്കോണിക് ഫിഗറാണ്, ഇപ്പോഴും കുറച്ച് പോലും മാറിയിട്ടില്ല: സിമ്രാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 12:17 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമ്രാന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും താന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് സിമ്രാന്‍.

താന്‍ മമ്മൂട്ടിയുടെ കൂടെ ഒരു സിനിമയെ ചെയ്തിട്ടുള്ളുവെന്നും അത് ഇന്ദ്രപ്രസ്ഥമാണെന്നും സിമ്രാന്‍ പറയുന്നു. താന്‍ സിനിമയില്‍ മമ്മൂട്ടിയുടെ പെയര്‍ അല്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാസാഗറായിരുന്നു സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നതെന്നും മനോഹരമായ പാട്ടുകളായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നതെന്നും സിമ്രാന്‍ പറഞ്ഞു.

ഇന്ദ്രപ്രസ്ഥമായിരുന്നു തന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയെന്നും തമിഴില്‍ ചെയ്യുന്നതിന് മുമ്പ് ഈ സിനിമയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇന്‍ഡസ്ട്രിയിലെ ഒരു ഐക്കോണിക് ഫിഗറാണെന്നും ഇപ്പോഴും അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും സിമ്രാന്‍ പറയുന്നു. ഒരു തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ പെയര്‍ അല്ലായിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്‍ സാറിന്റെ സംഗീതം അടിപൊളിയാണ്.

അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിന് മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് തമിഴില്‍ നേരുക്ക് നേര്‍ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല,’ സിമ്രാന്‍ പറയുന്നു.

Content highlight: Simran  talks  about Mammootty and the film Indraprastham, in which she acted with Mammootty.