സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. 1995ല്‍ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് അവര്‍. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച സിമ്രന്‍ ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ താരറാണിയായിരുന്നു.
ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഗുഡ് ബാഡ് അഗ്ലിയിയില്‍ ‘തൊട്ട് തൊട്ട് പേസും സുല്‍ത്താന’ എന്ന പാട്ട് വീണ്ടും ട്രെന്‍ഡിങ്ങില്‍ വന്നിരുന്നു. 1999ല്‍ ഇറങ്ങിയ എതിരും പുതിരം എന്ന ചിത്രത്തില്‍ സിമ്രനാണ് പാട്ടില്‍ അഭിനയിച്ചിരുന്നത്. ആ ഗാനം വീണ്ടും ട്രെന്‍ഡിങ്ങില്‍ വന്നതുപോലെ തന്റെ മറ്റ് ഏതെങ്കിലും പാട്ട് റീക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിമ്രന്‍.
മിന്നല്‍ ഒരു കൊടി എന്ന ഗാനം ഒരു മനോഹരമായ പാട്ടാണെന്നും അത് വന്നാല്‍ നന്നായിരിക്കുമെന്നും സിമ്രന്‍ പറയുന്നു. ഒരു കാര്യം താന്‍ എന്തായാലും പറയുമെന്നും ഇതിന്റെ എല്ലാ ക്രഡിറ്റും സംവിധായകന്‍ ആദിക്കിനാണെന്നും സിമ്രന്‍ പറയുന്നു. ‘തൊട്ട് തൊട്ട് പേസും’ റീക്രിയേറ്റ് ചെയ്തതിന് അദ്ദേഹത്തിന് നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായികരുന്നു സിമ്രന്‍.
‘എനിക്ക് തോന്നുന്നു മിന്നല്‍ ഒരു കൊടി ഒരു മനോഹരമായ പാട്ടാണ്. വളരെ നല്ല പാട്ടാണ് അത്. ഒരു കാര്യം കൂടെയുണ്ട്. അത് ഞാന്‍ എന്തായാലും പറയണം. ഇതിന്റെ എല്ലാ ക്രഡിറ്റ്‌സും ആദിക്കിനാണ്. തൊട്ട് തൊട്ട് പേസും സുല്‍ത്താനയില്‍ പ്രിയയെ റീക്രിയേറ്റ് ചെയ്തതും, എല്ലാത്തിന്റെയും ക്രഡിറ്റ് ആദിക്കിനാണ്. ഈ പാട്ട് റീക്രിയേറ്റ് ചെയ്തതില്‍ താങ്ക്യൂ ആദിക്,’ സിമ്രന്‍ പറയുന്നു.
വിസബാപതി ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വി.ഐ.പി. രംഭ, സിമ്രാന്‍, പ്രഭുദേവ, അബാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. സിനിമയില്‍ മിന്നല്‍ ഒരു കൊടി എന്ന ഗാനത്തില്‍ സിമ്രാനും പ്രഭുദേവയുമാണ് ചുവടുവെച്ചത്. രഞ്ജിത് ബരോട്ട് ഈണമിട്ട ഗാനം ഹരിഹരനും കെ.എസ്. ചിത്രയും ചേര്‍ന്നാണ് ആലപിച്ചത്.
Content highlight: Simaran talks about Minnal Oru kodi song