ബാലതാരമായി സിനിമയിലേക്ക് വന്ന നടനാണ് സിലമ്പരസന്‍ ടി.ആര്‍. നായകനായി അഭിനയിച്ചു തുടങ്ങിയ ശേഷം വളരെ വേഗത്തില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. 21ാമത്തെ വയസില്‍ വല്ലവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് നായകനായ ചിമ്പു തന്റെ ഫാന്‍ബേസ് ഇരട്ടിയാക്കി. കരിയറില്‍ നേരിടേണ്ടി വന്ന വിവാദങ്ങളില്‍ തളരാതെ ശക്തമായി തിരിച്ചുവരുന്ന ചിമ്പുവിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
സകലകലാ വല്ലവന്‍ എന്ന ചിത്രത്തിലെ ‘ഇളമൈ ഇതോ ഇതോ’ എന്ന പാട്ടിനിടെ കമല്‍ ഹാസന്റെ ഒരു മൂവ്‌മെന്റ് ആരും ശ്രദ്ധിച്ചിട്ടെല്ലന്നും ചിമ്പു പറയുന്നു. ആ പാട്ടില്‍ ഒരു ഷാന്റിലിയര്‍ ലൈറ്റിന് താഴെ നിന്നുകൊണ്ട് ഡാന്‍സ് ചെയ്യുമെന്നും പാട്ടിനനുസരിച്ച് കമല്‍ ഹാസന്‍ മൂവ് ചെയ്യുന്നുണ്ടെന്നും എസ്.ടി.ആര്‍ പറഞ്ഞു. ആ ഒരു സ്റ്റെപ്പ് കമല്‍ ഹാസന്‍ എങ്ങനെ ചെയ്‌തെന്ന് തനിക്ക് ഇപ്പോഴും അത്ഭുതമാണെന്നും എസ്.ടി.ആര്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണല്‍ ഡാന്‍സര്‍മാര്‍ക്ക് പോലും ആ പാട്ടിനനുസരിച്ച് മൂവ്‌മെന്റ് ചെയ്യാന്‍ പ്രയാസമാണെന്നും കമല്‍ ഹാസന്‍ പാട്ടിന്റെ റിഥത്തിനനുസരിച്ച് അതിനെ ബാലന്‍സ് ചെയ്‌തെന്നും ചിമ്പു പറഞ്ഞു. കമല്‍ ഹാസനല്ലാതെ മറ്റൊരു നടനും ഇത് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും സിലമ്പരസന്‍ പറയുന്നു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എസ്.ടി.ആര്‍.
‘കമല്‍ സാറിന്റെ ഡാന്‍സിന് പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാറില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില ഡാന്‍സിനെ മാത്രം എല്ലാവരും വലിയ രീതിയില്‍ പുകഴ്ത്താറുണ്ട്. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില ഡാന്‍സുണ്ട്. സകലകലാ വല്ലവന്‍ എന്ന സിനിമയില്‍ ‘ഇളമൈ ഇതോ ഇതോ’ എന്ന പാട്ട് അതിന് ഉദാഹരണമാണ്.
ആ പാട്ടില്‍ ഒരു ഷാന്റിലിയറിന് താഴെ നിന്ന് അദ്ദേഹം ഡാന്‍സ് ചെയ്യുന്നുണ്ട്. ആടിക്കൊണ്ടിരിക്കുന്ന ഷാന്റിലിയറിന്റെ മൂവ്‌മെന്റിനനുസരിച്ച് അദ്ദേഹവും ഡാന്‍സ് ചെയ്യുന്നുണ്ട്. സിംഗിള്‍ ഷോട്ടാണ് ആ പോര്‍ഷന്‍. പ്രൊഫഷണല്‍ ഡാന്‍സര്‍മാര്‍ ആ ഡാന്‍സ് അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇത്ര പെര്‍ഫക്ടാകില്ല. കമല്‍ സാറിനല്ലാതെ മറ്റൊരു നടനും ഇത് ചെയ്യാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം,’ സിലമ്പരസന്‍ പറഞ്ഞു.
Content Highlight: Silambarsan TR about Kamal Haasan’s dance in Sakalakala Vallavan movie