ബാലതാരമായി സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് സിലമ്പരസന്‍ ടി.ആര്‍. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനായ സിലമ്പരസന്‍ ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയിരുന്നു. വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. 21ാം വയസില്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി ഇന്‍ഡസട്രിയെ ഞെട്ടിക്കാനും താരത്തിന് സാധിച്ചു.
അടുത്ത കമല്‍ ഹാസനായി സിലമ്പരസനെ വാഴ്ത്തിക്കൊണ്ട് പലരും എത്തുന്നുണ്ട്. അത്തരം പോസ്റ്റുകളോട് പ്രതികരിക്കുകയാണ് സിലമ്പരസന്‍. തേവര്‍ മഗന് ശേഷം അടുത്ത ശിവാജി ഗണേശന്‍ കമല്‍ ഹാസനാണെന്ന് പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ ശിവാജി ഗണേശന്‍ സിനിമാലോകത്ത് ഉണ്ടാക്കിയെടുത്ത സ്ഥാനം ആര്‍ക്കും നേടാന്‍ സാധിക്കില്ലെന്നും എസ്.ടി.ആര്‍ പറഞ്ഞു.
തഗ് ലൈഫിലെ തന്റെ സാന്നിധ്യം കണ്ട് പലരും തന്നെ അടുത്ത കമല്‍ ഹാസനാണെന്ന് പറയുന്നുണ്ടെന്നും എന്നാല്‍ കമല്‍ ഹാസന് പകരം വെക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു നടനും ആര്‍ക്കും പകരമാകില്ലെന്നും അവരെല്ലാം സ്വന്തമായി അധ്വാനിച്ച് ഓരോ സ്ഥാനത്തെത്തിയവരാണെന്നും സിലമ്പരസന്‍ പറയുന്നു. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തഗ് ലൈഫില്‍ എന്നെയും കമല്‍ സാറിനെയും കാണുമ്പോള്‍ പലരും തേവര്‍ മഗനുമായി താരതമ്യം ചെയ്യുന്നത് കണ്ടു. ആ സിനിമയുടെ റിലീസിന് ശേഷം ശിവാജി ഗണേശന്‍ സാറിന്റെ സ്ഥാനത്ത് കമല്‍ സാറിനെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ശിവാജി സാര്‍ സിനിമാലോകത്ത് ഉണ്ടാക്കിയെടുത്ത സ്ഥാനം ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റേത് മാത്രമാണ്.
അതുപോലെ തഗ് ലൈഫിന് ശേഷം എന്നെ അടുത്ത കമല്‍ ഹാസനായി പലരും കണക്കാക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ച് തന്നെയാണ് കമല്‍ സാര്‍ ഇന്ന് ഈ കാണുന്ന നിലയില്‍ എത്തിയത്. ആരും അത് ചുമ്മാ കൊടുത്തതല്ല. അതിനാല്‍ ഒന്നോ രണ്ടോ ആളുകള്‍ പറഞ്ഞതുകൊണ്ട് ഒരു നടനും മറ്റൊരാള്‍ക്ക് പകരമാകില്ല. അവരായി നേടിയെടുത്ത സ്ഥാനം മറ്റാര്‍ക്കും കിട്ടുകയുമില്ല,’ സിലമ്പരസന്‍ ടി.ആര്‍ പറഞ്ഞു.
Content Highlight: Silambarasan TR reacts to the posts that praising him as next Kamal Haasan