ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സിലമ്പരസന്‍ ടി.ആര്‍. ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയ സിലമ്പരസന്‍ വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സാധിച്ചു. എസ്.ടി.ആര്‍ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരസന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
നിര്‍മാതാക്കളുമായി മോശം പെരുമാറ്റം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഒരു സമയത്ത് ഇന്‍ഡസ്ട്രിയില്‍ നിലനിന്നിരുന്നു.
ഇപ്പോള്‍ മണിരത്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് സിലമ്പരസന്‍. സിനിമയില്‍ റെഡ് കാര്‍ഡ് കിട്ടിയിരുന്ന ഒരു സമയം തനിക്കുണ്ടായിരുന്നെന്നും ആ സമയത്ത് തന്നെ വെച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ക്കും, സംവിധായകര്‍ക്കും ഭയമായിരുന്നുവെന്നും സിലമ്പരസന്‍ പറയുന്നു. തനിക്ക് ഒരു സിനിമയും ലഭിക്കാതിരുന്ന സമയം ആയിരുന്നു അതെന്നും സിനിമ ചെയ്യാനായി ഒരു സംവിധായകരും തന്നെ സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരു സമയത്ത് തന്നെ സിനിമയിലേക്ക് വിളിച്ച സംവിധായകനാണ് മണിരത്‌നം എന്നും താന്‍ ആ ഫോണ്‍ കോള്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും തന്നെ സിനിമയിലേക്ക് വിളിക്കാതിരുന്നപ്പോള്‍ മണിരത്‌നം ഒരു ഭയവുമില്ലാതെ ധൈര്യത്തോടെ തന്നെ വെച്ച് സിനിമ ചെയ്തുവെന്നും സിലമ്പരസന്‍ പറഞ്ഞു. ഏറ്റവും പുതിയ മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് റെഡ് കാര്‍ഡ് കിട്ടികൊണ്ടിരുന്ന സമയം എനിക്കുണ്ടായിരുന്നു. ആ സമയത്ത് കുറെ പ്രൊഡ്യൂസേഴ്‌സിനൊക്കെ എന്നെ വെച്ച് ഒരു സിനിമ എടുക്കാന്‍ പേടിയായിരുന്നു. ഇവനെ വെച്ച് പടം ചെയ്യണോ, എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടുന്നില്ലായിരുന്നു. ആ സമയത്ത് സംവിധായകരൊന്നും തന്നെ എന്റെയടുത്തേക്ക് വന്നിരുന്നില്ല. അപ്പോഴാണ് എനിക്ക് മണി സാറിന്റെ ഫോണ്‍ കോള്‍ വരുന്നത്.
ഇത് ശരിക്കും അദ്ദേഹം തന്നെയാണോ വിളിക്കുന്നത്, വെറുതെ തമാശക്കാണോ എന്നൊക്കെയുള്ള സംശയം അപ്പോള്‍ എനിക്കുണ്ടായി. അവിടെ ചെന്നപ്പോള്‍ സാറിനോട് സാര്‍ തന്നെയാണോ എന്നെ വിളിച്ചതെന്ന് ചോദിച്ചു. ഞാന്‍ തന്നെയാണ് വിളിച്ചതെന്ന് മണി സാര്‍ പറഞ്ഞു. അന്ന് എന്നെ വെച്ച് എല്ലാ സംവിധായകരും സിനിമയെടുക്കാന്‍ പേടിച്ചിരുന്നപ്പോഴാണ് അദ്ദേഹം വിളിക്കുന്നത്. ആ ഫോണ്‍ കോള്‍ ഞാന്‍ ഒരിക്കലും മറക്കില്ല,’ സിലമ്പരസന്‍ പറയുന്നു.
Content Highlight: Silambarasan talks about Mani Ratnam.