ബാലതാരമായി സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് സിലമ്പരസന്‍ ടി.ആര്‍. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനായ സിലമ്പരസന്‍ ചെറുപ്രായത്തില്‍ തന്നെ നായകനായി അരങ്ങേറിയിരുന്നു. വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സിലമ്പരസന് സാധിച്ചു. എസ്.ടി.ആര്‍ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരസന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സിലമ്പരസന്‍. എയര്‍പോര്‍ട്ടില്‍ വെച്ച് ഒരിക്കല്‍ കോഹ്‌ലിയെ കണ്ടുമുട്ടിയെന്നും അടുത്ത് ചെന്ന് സംസാരിച്ചെന്നും സിലമ്പരസന്‍ പറഞ്ഞു. തന്റെ പേര് പറഞ്ഞപ്പോള്‍ അറിയില്ല എന്നായിരുന്നു കോഹ്‌ലിയുടെ മറുപടിയെന്നും പെട്ടെന്ന് തന്നെ പോകേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്ങനെയെങ്കിലും കോഹ്‌ലിയുടെ മനസില്‍ തന്റെ പേര് രജിസ്റ്ററാക്കണമെന്ന് അന്ന് താന്‍ തീരുമാനിച്ചെന്നും എസ്.ടി.ആര്‍ പറയുന്നു. ഈയടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പങ്കുവെച്ച ഒരു വീഡിയോ കണ്ടെന്നും അതില്‍ വിരാട് കോഹ്‌ലി ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് താന്‍ അഭിനയിച്ച സിനിമയിലേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അത് സന്തോഷം തന്നെന്നും സിലമ്പരസന്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു സിലമ്പരസന്‍ ടി.ആര്‍.
‘എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ ഫ്‌ളൈറ്റിന് കാത്തിരിക്കുമ്പോള്‍ വിരാട് കോഹ്‌ലിയെ കണ്ടുമുട്ടി. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അടുത്തുചെന്ന് സംസാരിച്ചു. ഹലോ എന്ന് പറഞ്ഞപ്പോള്‍ പുള്ളിയും തിരിച്ച് ഹലോ തന്നു. എന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തി. ‘സോറി, എനിക്ക് നിങ്ങളെ അറിയില്ല’ എന്ന് പറഞ്ഞിട്ട് അദ്ദേഹം നടന്നുപോയി.
എങ്ങനെയെങ്കിലും നമ്മുടെ പേര് രജിസ്റ്ററാക്കണം, നമ്മള്‍ ആരാണെന്ന് അറിയിക്കണം എന്ന് മനസില്‍ കുറിച്ചിട്ടു. ഈയടുത്ത് ആര്‍.സി.ബി പുറത്തുവിട്ട ഒരു വീഡിയോ കണ്ടു. അതില്‍ കോഹ്‌ലിയുടെ പോര്‍ഷന്‍ എനിക്ക് ഇഷ്ടമായി. അദ്ദേഹം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് ഞാന്‍ അഭിനയിച്ച പത്തു തല എന്ന സിനിമയിലേതാണ്.
റഹ്‌മാന്‍ സാറാണ് ആ പാട്ട് കമ്പോസ് ചെയ്തത്. നമ്മളെ മനസിലായില്ലെങ്കിലും ഞാന്‍ അഭിനയിച്ച പടത്തിലെ പാട്ട് കേള്‍ക്കുന്നുണ്ടല്ലോ. അത് തന്നെ എനിക്ക് കിട്ടിയ നല്ലൊരു വിജയമാണെന്ന് ഞാന്‍ കരുതി. ഇനി കാണുകയാണെങ്കില്‍ ഈയൊരു കാര്യവും കൂടി പറഞ്ഞ് അദ്ദേഹത്തോട് കുറച്ചുനേരം സംസാരിക്കണം,’ സിലമ്പരസന്‍ പറയുന്നു.
സിലമ്പരസന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നമാണ്. കമല്‍ ഹാസനൊപ്പം ശക്തമായ വേഷമാണ് സിലമ്പരസന്‍ തഗ് ലൈഫില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് വന്‍ വലരേവല്പാണ് ലഭിച്ചത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Silambarasan shares the incident happened with Virat Kohli