മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിജു വില്‍സണ്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് നായകനടനായി മാറിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എത്തുന്നതിന് മുമ്പേ തന്നെ നടന്‍ നിവിന്‍ പോളി, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരുടെയൊക്കെ അടുത്ത സുഹൃത്ത് കൂടിയാണ് സിജു.
വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം, നേരം എന്നീ സിനിമകളിലൂടെ വലിയ ശ്രദ്ധ നേടാന്‍ സിജു വില്‍സണ് സാധിച്ചു. ഇപ്പോള്‍ ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടന്‍.
‘നഴ്‌സിങ് കഴിഞ്ഞ് റിസഷന്‍ ടൈമില്‍ ഞാന്‍ യു.കെയിലേക്ക് പോകാന്‍ വേണ്ടി അപ്ലേ ചെയ്തിരുന്നു. സ്റ്റുഡന്റ് വിസയില്‍ പോകാനായി എക്‌സാം എഴുതി വിസയ്ക്ക് അപ്ലേ ചെയ്തതുമാണ്. പക്ഷെ യാതൊരു കാരണവുമില്ലാതെ അന്ന് വിസ റിജക്ടായി. റിസഷന്‍ പിരീഡായിരുന്നു അത്.
അന്ന് ഞാന്‍ ആകെ സ്റ്റക്കായി നില്‍ക്കുകയായിരുന്നു. യു.കെയിലൊക്കെ പോയി രക്ഷപ്പെടാമെന്ന് കരുതി നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് ഞാന്‍ ബാംഗ്ലൂരില്‍ നിവിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. അവന്‍ അവിടെ ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു.
അവനും അവന്റെ ഫ്രണ്ട്‌സും ഉണ്ടായിരുന്ന മുറിയില്‍ ഞാന്‍ ഒരു അന്തേവാസിയായി കൂടി. അവര് ജോലിക്ക് പോകുമ്പോള്‍ പാചകവും മറ്റ് പരിപാടികളുമായി ഞാന്‍ മുറിയില്‍ തന്നെ ഇരിക്കുമായിരുന്നു. അന്നേ അഭിനയം എന്ന കാര്യം എന്റെ മനസില്‍ ഉണ്ടായിരുന്നു.
കാരണം അന്ന് നിവിനും അല്‍ഫോണ്‍സും തമ്മില്‍ മ്യൂസിക് വീഡിയോ ചെയ്യാനായി പ്ലാന്‍ നടക്കുന്നുണ്ടായിരുന്നു. അല്‍ഫോണ്‍സ് അന്ന് ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്യുന്ന സമയമായിരുന്നു. അവന്‍ അത് കാണാനായി നമുക്ക് അയച്ചു തരാറുണ്ടായിരുന്നു.
നേരത്തിന്റെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് അഭിപ്രായം പറയണമെന്ന് പറഞ്ഞ് അയച്ചു തന്നിരുന്നു. അന്ന് ഏതോ കഫേയില്‍ ചെന്നിട്ടാണ് ഞാന്‍ അത് കണ്ടത്. എന്നിട്ട് അവനെ വിളിച്ച് അഭിപ്രായം പറഞ്ഞു. അന്നേ അല്‍ഫോണ്‍സ് സിനിമയുടെ പുറകേ ആണെന്ന് അറിയാമായിരുന്നു.
പക്ഷെ എനിക്ക് അവനോടോ നിവിനോടോ എനിക്കും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയാന്‍ മടിയായിരുന്നു. അവര് കളിയാക്കുമോ എന്നതായിരുന്നു എന്റെ ഭയം. ‘നീയോ സിനിമയിലോ. പോടാ ചെറുക്കാ’ എന്ന് പറഞ്ഞാലോ.
അന്ന് ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് ആകെ സ്റ്റക്കായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ അല്‍ഫോണ്‍സിനോട് കാര്യം പറയുന്നത്. അവനാണ് എന്നെ അഭിനയിക്കാന്‍ മോട്ടിവേറ്റ് ചെയ്യുന്നത്. അത് തന്നെയാണ് സിനിമയില്‍ ശ്രമിക്കാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്,’ സിജു വില്‍സണ്‍ പറയുന്നു.
Content Highlight: Siju Wilson Talks About Nivin Pauly And Alphonse Puthren