ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം; സിജു വിൽ‌സൺ
Entertainment news
ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം; സിജു വിൽ‌സൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 5:36 pm

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറും സിനിമ സംഘടനകളും നടത്തിയ ചർച്ചയിൽ തുല്യ വേതനം നടപ്പിലാക്കണം എന്ന ആശയം ഏറെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുല്യ വേതനം നൽകാനാവില്ലെന്ന നിലപാടായിരുന്നു അമ്മ സംഘടന സ്വീകരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാവായ സിജു വിൽ‌സൺ.

ജിജോ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന വരയൻ ആണ് സിജു വിൽ‌സന്റെ ഏറ്റവും പുതിയ ചിത്രം. കപ്പുച്ചിൻ വൈദികനായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ലുക്കും പോസ്റ്ററുമെല്ലാം ഏറെ ചർച്ചയായിരുന്നു.

മമ്മൂട്ടിയുടെ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എനിക്ക് വേണമെന്ന് പറയാന്‍ തന്നെ നാണം വരും, ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം ലഭിക്കുക എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സിജു വിൽ‌സൺ സംസാരിക്കുന്നത്.

‘ഏത് മേഖലയിലും, ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം ലഭിക്കുക. സിനിമക്ക് പൈസ ചെലവാക്കുന്ന പ്രൊഡ്യൂസര്‍ മുടക്കുന്ന പൈസ തിരിച്ച് കിട്ടുമോ എന്ന് നോക്കും. ഡിമാന്‍ഡ് അനുസരിച്ചാണ് വേതനം ലഭിക്കുന്നത്. ആദ്യമായിട്ട് അഭിനയിക്കുമ്പോള്‍ നമ്മള്‍ പ്രതിഫലമൊന്നും നോക്കാറില്ല. ഒരു അവസരം കിട്ടിയല്ലോ എന്നാണ് വിചാരിക്കുന്നത്. എന്നെക്കാളും പ്രതിഫലം വാങ്ങുന്ന ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. വലിയ നടന്മാരും കഷ്ടപ്പെട്ടാണ് ഇന്ന് ഡിമാന്‍ഡുള്ള താരങ്ങളായി മാറിയത്. ആദ്യം തെളിയിക്കണം ഇത്ര വേതനത്തിലേക്കെത്തുന്ന നടനാണ് അല്ലെങ്കില്‍ നടിയാണെന്ന്. എന്റെ തന്നെ ഉദാഹരണം പറഞ്ഞാല്‍ എന്റെ 12 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വെച്ചിട്ട് മമ്മൂട്ടിയുടെ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വേണമെന്ന് പറയാന്‍ എനിക്ക് തന്നെ നാണം വരും. ചിലപ്പോള്‍ ജോലിക്കനുസരിച്ചുള്ള വേതനവും കിട്ടാറില്ല. നല്ല കഥാപാത്രങ്ങള്‍ക്കായി വേതനത്തില്‍ കോപ്രമൈസ് ചെയ്യേണ്ടിവരും.’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ലിയോണ ലിഷോയ്, ജൂഡ് ആന്റണി ജോസഫ്, ജയശങ്കർ, വിജയരാഘവൻ എന്നിവരാണ് വരയൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Content Highlight: Siju Wilson talks about equal pay in cinema