കോമഡി മാത്രമല്ല, ഇവിടെ ഹീറോയിസവും വഴങ്ങും; ഹാപ്പി വെഡ്ഡിംഗിന് ശേഷം നായകപദവിയിലേക്ക് സിജു വില്‍സന്റെ തിരിച്ചുവരവ്
Film News
കോമഡി മാത്രമല്ല, ഇവിടെ ഹീറോയിസവും വഴങ്ങും; ഹാപ്പി വെഡ്ഡിംഗിന് ശേഷം നായകപദവിയിലേക്ക് സിജു വില്‍സന്റെ തിരിച്ചുവരവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd May 2022, 8:17 am

സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമായ വരയന്‍ മെയ് 20തിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായ കലിപ്പക്കരയിലേക്ക് ഒരു കപ്പുച്ചിന്‍ വൈദികന്‍ എത്തുന്നതും പിന്നീട് ആ നാട്ടില്‍ നടക്കുന്ന മാറ്റങ്ങളുടെയും കഥയാണ് പറയുന്നത്.

സിജു വില്‍സണ്‍ നായകനാകനായ രണ്ടാമത്തെ ചിത്രം കൂടിയാണ് വരയന്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഹാപ്പി വെഡ്ഡിംഗിലാണ് സിജു വില്‍സണ്‍ ആദ്യമായി നായകനാകുന്നത്. 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിജു വില്‍സണ്‍ നായകനായ ഒരു ചിത്രം ഇപ്പോള്‍ എത്തുന്നത്.

നായകനായുള്ള സിജുവിന്റെ രണ്ടാം വരവ് വ്യത്യസ്തമായ വേഷത്തിലൂടെയാണ്. എബി എന്ന കപ്പുച്ചിന്‍ വൈദികനെ മികച്ച രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്. പള്ളിയില്‍ പ്രസംഗിച്ചും വിശ്വാസികളെ ഉപദേശിച്ചും നടക്കുന്ന പതിവ് അച്ഛന്‍മാരില്‍ നിന്നും വ്യത്യസ്തനായിരുന്നു വരയനിലെ കപ്പുച്ചിന്‍ വൈദികന്‍.

നാട്ടിലെ പിള്ളേരുടെ കൂടെ ഫുട്‌ബോള്‍ കളിക്കുന്ന, അപ്പാപ്പന്മാരുടെയൊപ്പം ചീട്ട് കളിക്കുന്ന, ഷാപ്പില്‍ കയറി കള്ള് കുടിക്കുന്ന, വേണ്ടി വന്നാല്‍ ഗുണ്ടകളെ തല്ലി ഒതുക്കുന്ന ഒരു വൈദികനാണ് എബി കപ്പുച്ചിന്‍. എപ്പോഴും പ്രസരിപ്പോടെ നടക്കുന്ന എബി കപ്പുച്ചിനെ അതേ പോസിറ്റീവ് വൈബില്‍ അവതരിപ്പക്കാന്‍ സിജു വില്‍സണ് കഴിഞ്ഞിട്ടുണ്ട്.

മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സിനിമയെ മുന്നില്‍ നിന്ന് നയിക്കേണ്ട ഉത്തരവാദിത്തം കൂടി നായകനുണ്ട്. വരയനിലൂടെ തനിക്കതിന് സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സിജു വില്‍സണ്‍. കോമഡി പറയാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ഒരു മാസ് ഹീറോയാകാനും തനിക്ക് സാധിക്കുമെന്ന് സിജു വില്‍സണ്‍ വരയനിലൂടെ പറയുന്നു.

ലിയോണ ലിഷോയ് നായികയായ ചിത്രത്തില്‍ മണിയന്‍ പിള്ള രാജു, ബിന്ദു പണിക്കര്‍, വിജയ രാഘവന്‍, ജൂഡ് ആന്തണി ജോസഫ്, ബൈജു എഴുപുന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വരയനിലെ മികച്ച പെര്‍ഫോമന്‍സിലൂടെ ഇനി സിജു വില്‍സണ്‍ നായകനാകുന്ന പത്തൊന്‍പതാം നൂറ്റാണ്ടിനും പ്രതീക്ഷ ഏറുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ചരിത്രപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്.

Content Highlight: siju wilson portrayed a Capuchin priest named aby in the film varayan