ആ സംവിധായകന് അഭിനയിക്കാനായിരുന്നു മോഹം, നിവിന്റെ കൂടെ ലോഹിസാറിന്റെ വീട്ടില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്: സിജു വില്‍സണ്‍
Entertainment
ആ സംവിധായകന് അഭിനയിക്കാനായിരുന്നു മോഹം, നിവിന്റെ കൂടെ ലോഹിസാറിന്റെ വീട്ടില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്: സിജു വില്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 9:53 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിജു വില്‍സണ്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പിന്നീട് നായകനടനായി മാറിയ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നടന്‍ നിവിന്‍ പോളി, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സിജു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ സിനിമകളിലൂടെ വലിയ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ അല്‍ഫോണ്‍സ് പുത്രനെ കുറിച്ച് സംസാരിക്കുകയാണ് സിജു വില്‍സണ്‍. അഭിനയമോഹവുമായി നടന്ന വ്യക്തിയായിരുന്നു അല്‍ഫോണ്‍സ് പുത്രനെന്നും ലോഹിതദാസിന്റെ വീട്ടില്‍ അദ്ദേഹം ചാന്‍സൊക്കെ ചോദിച്ച് പോയിട്ടുണ്ടെന്നും സിജു വില്‍സണ്‍ പറയുന്നു.

നിവിന്‍ പോളിയെ കൂടെ വിളിച്ചാണ് അല്‍ഫോണ്‍സ് പോയിരുന്നതെന്നും നിവിന്റെ വീടിന്റെ അടുത്തായിരുന്നു ലോഹിതദാസ് താമസിച്ചിരുന്നതെന്നും സിജു കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ ഫോട്ടോയുമൊക്കെ ആയി പോയിട്ട് അദ്ദേഹം ചാന്‍സ് ചേദിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു സിജു വില്‍സണ്‍.

‘അവന്‍ അഭിനയിക്കാന്‍ ആയിട്ടാണ് ആദ്യം വന്നത്. അല്‍ഫോണ്‍സ് ലോഹി സാറിന്റെ വീട്ടില്‍ പോയി ചാന്‍സ് ചോദിച്ചിട്ടൊക്കെ ഉണ്ട്. നിവിനെ കൂടെ കൂട്ടിയിട്ടൊക്കെ പോകുമായിരുന്നു. നിവിന്റെ വീടിന്റെ അടുത്തായിരുന്നു ലോഹി സാര്‍ താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ ഇവന്‍ കുട്ടപ്പനായിട്ട്, നിവിനെ കൂട്ടിന് വിളിച്ച് പോകും. ആ സമയത്ത്, പോര്‍ട്ട് ഫോളിയോ ആയി ചെന്ന് ഫോട്ടോയൊക്കെ കാണിച്ചിട്ട് ചാന്‍സൊക്കെ ചോദിച്ചിട്ടുണ്ട്,’ സിജു വില്‍സണ്‍ പറയുന്നു.

നേരം എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2015 ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയാണ് അദ്ദേഹത്തെ സൗത്ത് ഇന്ത്യയില്‍ ആകമാനം ശ്രദ്ധേയനാക്കിയത്.

 

Content Highlight:  Siju Wilson is talks  about Alphonse puthren