നിവിനും അൽഫോൺസും അന്ന് ചാൻസിനായി പലവട്ടം ആ സംവിധായകനെ കണ്ടിട്ടുണ്ട്: സിജു വിൽ‌സൺ
Entertainment
നിവിനും അൽഫോൺസും അന്ന് ചാൻസിനായി പലവട്ടം ആ സംവിധായകനെ കണ്ടിട്ടുണ്ട്: സിജു വിൽ‌സൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th February 2025, 1:32 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലും പ്രേമത്തിലും സിജു വലിയ ശ്രദ്ധ നേടിയിരുന്നു.

അൽഫോൺസ് പുത്രന് ആദ്യം അഭിനയ മോഹമായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നപ്പോഴാണ് സംവിധാനത്തിലേക്ക് തിരിഞ്ഞതെന്നും സിജു പറയുന്നു. നിവിൻ പോളിയുടെ വീടിനടുത്തായിരുന്നു ലോഹിതാദാസ് താമസിച്ചിരുന്നതെന്നും അന്ന് നിവിനും അൽഫോൺസും ചാൻസ് ചോദിച്ച് ലോഹിതാദാസിനെ ചെന്ന് കാണുമായിരുന്നുവെന്നും സിജു കൂട്ടിച്ചേർത്തു.

‘അൽഫോൺസിന് ആദ്യം അഭിനയ മോഹമായിരുന്നു. രക്ഷയില്ലാതെ വന്നപ്പോൾ പിന്നീടത് സംവിധാനത്തിലേക്ക് മാറി. ആലുവായിലെ നിവിന്റെ വീടിനടുത്തായിരുന്നു ലോഹിതദാസ് താമസിച്ചിരുന്നത്. അങ്ങനെ അദ്ദേഹത്തെ നിവിന് നന്നായി പരിചയമുണ്ട്. നിവിനെയും കൂട്ടി ലോഹിതദാസിന്റെ വീട്ടിൽ ചാൻസ് ചോദിക്കാൻ അൽഫോൺസ് പോയിട്ടുണ്ട്.

അതൊന്നും നടന്നില്ല. പിന്നീട് അവൻ സിനിമാ സംവിധാനം പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറി. തുടർന്ന് ഞാനും നിവിനും അഭിനയമോഹവുമായി കുറെ അലഞ്ഞു, എല്ലാ ഓഡിഷനും പങ്കെടുക്കും. അങ്ങനെയാണ് അൽഫോൺസിന്റെ നിർബന്ധത്താൽ വിനീതിൻ്റെ മലർവാടി ആർട്സ് ക്ലബ്ബിന്റെ ഓഡിഷന് പങ്കെടുത്തത്. അതിൽ നിവിനൊപ്പം എനിക്കൊരു ചെറിയ വേഷം കിട്ടി.

ഒരു ഫ്ലാഷ് പോലെ വന്നുപോകുന്ന കഥാപാത്രം. എന്നെയൊന്ന് നേരാംവണ്ണം കണാൻ പത്തുതവണ ചിത്രം കണ്ടിട്ടുണ്ട്. മുഖമൊന്ന് സ്ക്രീനിൽ കാണിക്കാനായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. സിനിമ എന്ന അപ്രാപ്യലോകത്ത് അതുതന്നെ ധാരാളം എന്ന ചിന്തയായിരുന്നു. അൽഫോൺസിന്റെ സീരിയസായ സിനിമാസമീപനമായിരുന്നു പിന്നീട് എന്റെയും മോഹങ്ങളെ മാറ്റിമറിച്ചത്.

അതിനുശേഷം സിനിമ പഠിക്കാൻവേണ്ടി ധാരാളം സിനിമ കാണാൻ തുടങ്ങി. ചെന്നൈയിലെ പഠനം കഴിഞ്ഞ് അൽഫോൺസ് ചെയ്‌തത് ‘നേരം’ എന്ന ഷോർട്ട് ഫിലിമായിരുന്നു. പിന്നീടത് മലയാളത്തിലും തമിഴിലും സിനിമയായപ്പോൾ ഞാൻ അതിൽ ചെറിയൊരു വേഷം ചെയ്യുകയും സംവിധാന സഹായിയാകുകയും ചെയ്തു,’സിജു വിൽ‌സൺ പറയുന്നു.

Content Highlight: Siju Wilson About Nivin Pauly And Alphonse Puthran