അവസരം ചോദിച്ച് ഞാന്‍ ആ തമിഴ് സംവിധായകന് കോപ്പി പേസ്റ്റ് ചെയ്ത് മെസേജ് അയക്കും: സിജു സണ്ണി
Entertainment
അവസരം ചോദിച്ച് ഞാന്‍ ആ തമിഴ് സംവിധായകന് കോപ്പി പേസ്റ്റ് ചെയ്ത് മെസേജ് അയക്കും: സിജു സണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 3:08 pm

സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിജു സണ്ണി. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതനായ സിജു സണ്ണി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയത്. ചിത്രത്തിലെ മുകേഷ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് വാഴ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മരണമാസ് എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലും സിജു തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സിജു അഭിനയിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അന്യഭാഷ സിനിമകളിലേക്ക് അവസരങ്ങള്‍ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിജു സണ്ണി. താന്‍ കാര്‍ത്തിക് സുബ്ബരാജിന് മെസേജ് അയക്കാറുണ്ടെന്നും അദ്ദേഹം കാണാറൊന്നും ഇല്ലെന്നും സിജു പറയുന്നു. തനിക്ക് ഇംഗീഷ് അധികം അറിയില്ലെന്നും തന്റെ കൂട്ടുകാരോട് പറഞ്ഞ് താന്‍ പറയുന്നതുപോലെ അവരെ കൊണ്ട് എഴുതിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കൂട്ടുകാര്‍ അയച്ച് തരുന്നത് അത് പോലെ കോപ്പി പേസ്റ്റ് ചെയ്ത് അയക്കുമെന്നും തനിക്ക് ഇവരുടെ കൂടെയൊക്കെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും സിജു സണ്ണി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനൊക്കെ മെസേജ് അയക്കും. ഹായ് സാര്‍ എന്നും പറഞ്ഞ്. കാണുവൊന്നും ഇല്ല. എനിക്ക് ഇംഗ്ലീഷ് അധികം അറിയില്ല. അപ്പോള്‍ ഞാന്‍ ഫ്രണ്ട്‌സിനോട് പറയും. ഞാന്‍ ഇന്ന സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് എന്തെങ്കിലും ഒരു അവസരം തരൂ എന്ന് പറഞ്ഞ് അയക്കാന്‍ പറയും. അപ്പോള്‍ അവന്മാര് ഞാന്‍ പറഞ്ഞതുപോലെ അയച്ച് തരും. അത് കോപ്പി പേസ്റ്റ് ചെയ്ത് അങ്ങനെ തന്നെ ഞാന്‍ അയക്കും. ഇവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്,’ സിജു സണ്ണി പറയുന്നു.

Content Highlight: Siju Sunny says that he used to send messages to Karthik Subbaraj asking for an opportunity.