അലിഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധു, നടന്‍മാരായ നസ്‌റുദ്ദീന്‍ ഷാ, ആമിര്‍ ഖാന്‍ എന്നിവര്‍ രാജ്യദ്രോഹികളാണെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആമിറും നസ്‌റുദ്ദീന്‍ ഷായും നല്ല അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന്‍ എന്നിവരെ പോലെയുള്ള യുവാക്കളെയല്ല, എ.പി.ജെ അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും കസബിന്റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികളാണെന്നും ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ- മത വര്‍ഗീയ പാര്‍ട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ പ്രസ്താവനയുടെ പേരില്‍ ശ്രദ്ധനേടിയ ആളാണ് ഇന്ദ്രേഷ് കുമാര്‍. ആളുകള്‍ ബീഫ് തിന്നുന്നത് നിര്‍ത്തിയാല്‍ പിന്നെ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളുമുണ്ടാകില്ലെന്നും ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സംസ്‌കാരം പ്രധാനമാണെന്നുമുള്ള ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
അടുത്തകാലത്തായി കേന്ദ്രസര്‍ക്കാറിനെതിരെയും ന്യൂനപക്ഷവേട്ടയ്‌ക്കെതിരെയും ശക്തമായി പ്രതികരിക്കുന്നയാളാണ് നസ്‌റുദ്ദീന്‍ ഷാ. പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്നും നിയമം കയ്യിലെടുക്കുന്നവര്‍ക്കാണ് ഇവിടെ പരിരക്ഷ ലഭിക്കുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ബുലന്ദ്ഷഹറില്‍ പൊലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നസ്‌റുദ്ദീന്റെ വിമര്‍ശം. വിമര്‍ശനത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ നേരത്തേയും നസ്‌റുദ്ദീന്‍ ഷായ്‌ക്കെതിരെ തിരിഞ്ഞിരുന്നു.