തനിക്ക് പിന്നിലുള്ള നടന്മാര്‍ക്ക് വഴി കാട്ടുകയാണ് മമ്മൂക്ക ഇത്തരം സിനിമകളിലൂടെ: സിദ്ധാര്‍ത്ഥ് ഭരതന്‍
Entertainment
തനിക്ക് പിന്നിലുള്ള നടന്മാര്‍ക്ക് വഴി കാട്ടുകയാണ് മമ്മൂക്ക ഇത്തരം സിനിമകളിലൂടെ: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 9:00 am

നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ സിദ്ധാര്‍ത്ഥ് ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി. അതോടൊപ്പം മികച്ച സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. സ്പിരിറ്റ് എന്ന ചിത്രത്തിലെ സമീര്‍ എന്ന കഥാപാത്രം ഇന്നും എല്ലാവരുടെയും ഉള്ളില്‍ ഒരു വിങ്ങലാണ്. സമീറിന് ശേഷം താരത്തിന് നിരവധി പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ഭ്രമയുഗത്തിലെ വേലക്കാരന്‍.

ഭ്രമയുഗത്തിന് ശേഷം സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി എന്ന നടന്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും മലയാള സിനിമക്ക് വഴികാട്ടുകയാണെന്ന് സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ഡം എന്നതിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ കാതല്‍ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ഒരു സുപ്പര്‍സ്റ്റാറും ധൈര്യപ്പെടില്ലെന്നും, തനിക്ക് പിന്നിലുള്ള ആക്ടേഴ്‌സിന് മമ്മൂക്ക ധൈര്യം നല്‍കുകയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. പല നടന്മാരും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത് മലയാളസിനിമയുടെയും ഉയര്‍ച്ചയാണെന്നും താരം പറഞ്ഞു.

‘മമ്മൂക്ക ഓരോ കഥാപാത്രങ്ങളും ഇങ്ങനെ മാറ്റി മാറ്റി പിടിക്കുമ്പോള്‍ സ്റ്റാര്‍ഡത്തിന്റെ ഇതുവരെ കാണാത്ത ഒരു സംഗതിയാണ് നമുക്ക് കാണാന്‍ പറ്റുക. സ്റ്റാര്‍ഡത്തിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ്. ഒരു വഴികാട്ടി കൂടിയാവുകയാണ് മമ്മൂക്ക. തന്റെ സ്റ്റാച്ചറിന് കീഴിലുള്ള നടന്മാര്‍ക്ക് ഇതൊക്കെ ഒരു ഉദാഹരണമാണ്. അവരും സ്റ്റാറുകളാകേണ്ടവരാണ്.

അവരും മമ്മൂക്ക ചെയ്യുന്നതുപോലെ ചെയ്യുമ്പോള്‍ അത് ഏറ്റവുമധികം ഗുണം ചെയ്യുന്നത് മലയാളം ഇന്‍ഡസ്ട്രിക്കാകും. മലയാളം ഇന്‍ഡസ്ട്രിയുടെയും പീക്ക് ആകും അത്. മമ്മൂക്ക മാത്രമല്ല അങ്ങനെ ചെയ്യുന്നത്, ഇപ്പോഴത്തെ യൂത്ത് ആക്ടേഴ്‌സില്‍ പലരും ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാറുണ്ട്. അങ്ങനെ പല പല പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്നത് ഇന്‍ഡസ്ട്രിയുടെ ബൂസ്റ്റിങിന് വഴി വെക്കും. അതിനുള്ള വഴികാണിക്കുകയാണ് മമ്മൂക്ക,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: Sidharth Bharathan about Mammootty’s script selection