ഇന്നസെന്റ് എന്ന് വിളിച്ചതും പോരാ... ഭാര്യയെ നോക്കി മകളാണോയെന്ന് ചോദിക്കുകയും ചെയ്തു; അവരുടെ മുമ്പില്‍ ആകെ ചമ്മി: സിദ്ദീഖ്
Entertainment news
ഇന്നസെന്റ് എന്ന് വിളിച്ചതും പോരാ... ഭാര്യയെ നോക്കി മകളാണോയെന്ന് ചോദിക്കുകയും ചെയ്തു; അവരുടെ മുമ്പില്‍ ആകെ ചമ്മി: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 5:34 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇപ്പോഴും മലയാള സിനിമയില്‍ സജീവമാണ് നടന്‍.

ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് ഉണ്ടായ രണ്ട് അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹമിപ്പോള്‍. പപ്പടം വില്‍ക്കാന്‍ തന്റെ വീട്ടില്‍ വന്ന രണ്ട് സത്രീകള്‍ ഇന്നസെന്റാണ് താനെന്ന് തെറ്റിദ്ധരിച്ച് കാന്‍സര്‍ വന്നതിനേക്കുറിച്ച് ചോദിച്ചുവെന്നും ഇത് കേട്ട് ഭാര്യക്ക് മനസിലായില്ലെന്നും സിദ്ദീഖ് പറഞ്ഞു.

എന്നാല്‍ പിന്നീട് ഇന്നസെന്റ് എന്ന് പറഞ്ഞ് അവര്‍ മറ്റൊരു സ്ത്രീക്ക് കാണിച്ചു കൊടുത്തപ്പോഴാണ് അവര്‍ തെറ്റിദ്ധരിച്ച കാര്യം മനസിലായതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ തന്റെ ഭാര്യയെ കണ്ട് മകളാണെന്നും അവര്‍ തെറ്റിദ്ധരിച്ച് അവരുടെ മുന്നില്‍ വെച്ച് തന്നോട് ചോദിച്ചുവെന്നും സിദ്ദീഖ് പറഞ്ഞു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പപ്പടം വില്‍ക്കാന്‍ വന്ന രണ്ട് സ്ത്രീകളില്‍ ഒരു സ്ത്രീയാണ് പെട്ടെന്ന് എന്നെ കണ്ടിട്ട് സംസാരിച്ചത്. അവരെന്നോട് വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചത്. സുഖമാണല്ലോ സാറേ, കാന്‍സര്‍ വന്നുവല്ലെ. മാറിയോ ഇപ്പോള്‍ എന്ന് എന്നോട് ചോദിച്ചു. മാറി കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു.

ഒന്നും വരില്ല, ഞങ്ങളെയൊക്കെ പ്രാര്‍ത്ഥനയുണ്ടെന്ന് അവര്‍ എന്നെ നോക്കി പറഞ്ഞു. ഇത് കേട്ടിട്ട് എന്റെ ഭാര്യ അന്തം വിട്ട് നില്‍ക്കുന്നുണ്ട്. ഇയാള്‍ക്ക് എന്നാണ് കാന്‍സര്‍ വന്നത് എന്നാണ് അവളുടെ ചിന്ത.

അപ്പോഴാണ് അവര്‍ തിരിഞ്ഞ് നിന്ന് മറ്റേ സ്ത്രീയെ വിളിക്കുന്നത്. എടീ… ഇങ്ങ് വാ ഇതാ ഇന്നസെന്റ്, എന്ന് എന്നെ ചൂണ്ടി പറഞ്ഞു. അടുത്ത് എന്റെ ഭാര്യയും എന്റെ മകളും ഇരിക്കുന്നുണ്ട്. അത് കഴിഞ്ഞ് അവര്‍ പപ്പടം സമ്മാനമായിട്ട് തന്നു. എന്തെങ്കിലും കൊടുക്ക് അവര്‍ക്ക് എന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞു.

പെട്ടെന്ന് തയ്യില്‍ കിട്ടിയ ഒരു നൂറ് രൂപ എടുത്തിട്ട് ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. വേണ്ട സാര്‍ രൂപയൊന്നും വേണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. സീന എന്നോട് ഇത് പറയുന്നത് കേട്ടിട്ടാണ് അവര്‍ അവളെ ശ്രദ്ധിക്കുന്നത്. സാറിന് രണ്ട് പെണ്‍ മക്കളാണല്ലെയെന്ന് എന്റെ ഭാര്യയേയും മകളെയും ചൂണ്ടി അവര്‍ പറഞ്ഞു. അങ്ങനെ രണ്ട് തവണ ഞാന്‍ ചമ്മി,” സിദ്ദീഖ് പറഞ്ഞു.

content highlight: siddique shares a funny incident that he faces