ഇവർ നമ്മുടെ മുൻപിൽ നിന്ന് സിഗരറ്റ് വലിക്കും, എന്നാലും മാറി നിന്ന് കുറ്റം പറയില്ല: സിദ്ദിഖ്
Entertainment
ഇവർ നമ്മുടെ മുൻപിൽ നിന്ന് സിഗരറ്റ് വലിക്കും, എന്നാലും മാറി നിന്ന് കുറ്റം പറയില്ല: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th May 2023, 6:09 pm

യുവ തലമുറയിലെ അഭിനേതാക്കൾ വളരെ ട്രാന്സ്പരെന്റ് ആയിട്ടുള്ളവരാണെന്ന് നടൻ സിദ്ദിഖ്. അവർ നമ്മുടെ മുമ്പിൽ നിന്ന് സിഗരറ്റ് വലിച്ചാലും മാറി നിന്ന് കുറ്റം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പറഞ്ഞത്. അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശനും പങ്കെടുത്തു.

‘ഇപ്പോഴത്തെ തലമുറയിലെ അഭിനേതാക്കൾ വളരെ ഉഴപ്പുള്ളവരാണെന്ന് പറയുന്നത് വെറും തെറ്റിധാരണയാണ്. ഞങ്ങൾ ഇവരോടൊപ്പം വർക്ക് ചെയ്തപ്പോൾ പ്രിയൻ സർ (പ്രിയദർശൻ) എന്നോട് പറഞ്ഞു ഇവരെയൊക്കെയാണോ ആളുകൾ കുഴപ്പക്കാർ എന്ന് പറയുന്നത്? ഏഴുമണിക്ക് സെറ്റിൽ വരാൻ പറഞ്ഞാൽ ആറരക്ക് സെറ്റിൽ വരും.

ഇവർ ചിലപ്പോൾ നമ്മുടെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കും, അതൊക്കെയാണ് ഇവരെ കുറ്റം പറയുന്നത്. പക്ഷെ സിഗരറ്റ് വലിക്കാതെ തൊഴുത് നിന്നിട്ട് മാറി നിന്ന് കുറ്റം പറയില്ല. വളരെ ട്രാൻസ്പരന്റ് ആണ് ഇവരുടെ കാര്യങ്ങൾ.


അവർ നമ്മളോട് സംസാരിക്കുമ്പോൾ ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതായി തോന്നിയേക്കാം, ഒരിക്കലൂം അവർ ബഹുമാനം അഭിനയിക്കാറില്ല. ഞാൻ പുതിയ തലമുറയിലെ ധാരാളം ആളുകളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ആരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല.

ഇവർ ആരും എന്നോടിതുവരെ ആരുടേയും കുറ്റം പറഞ്ഞിട്ടില്ല. ഓരോ കാര്യങ്ങളും ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നല്ലാതെ മറ്റൊരു തരത്തിലുള്ള പെരുമാറ്റങ്ങളും ഉണ്ടായിട്ടില്ല. പുതിയ തലമുറയെക്കുറിച്ച് തെറ്റിദ്ധാരണയാണുള്ളത്,’ സിദ്ദിഖ് പറഞ്ഞു.

അഭിമുഖത്തിൽ പ്രിയദര്ശനും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. മറ്റുള്ളവർ അവരുടെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നുള്ളത് നമ്മളെ ബാധിക്കേണ്ടതില്ലെന്നും, നമ്മുടെ കൂടെ നിൽക്കുമ്പോൾ അവരുടെ സഹകരണം ഉണ്ടായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

‘അവർ സ്വന്തം ജോലി ചെയ്തിട്ട് മാറി ഇരിക്കും. മറ്റൊരു വ്യക്തി അവരുടെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നുള്ളത് ഒരിക്കലും നമ്മുടെ പ്രശ്നമല്ല. നമ്മുടെ കൂടെ കൂടുമ്പോൾ, ആ പ്രൊജക്റ്റ് ചെയ്യുമ്പോൾ അവരുടെ സഹകരണം ഉണ്ടാകണം,’ പ്രിയദർശൻ പറഞ്ഞു.

Content Highlights: Siddique on new actors