മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ‘കിരീടം’ ഈ മാസം 10ന് റീമാസ്റ്റർ ചെയ്ത പതിപ്പുമായി റീ റിലീസിനെത്തുകയാണ്. നടനവിസ്മയം മോഹൻലാലിന്റെ സേതുമാധവനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇപ്പോൾ സിനിമയുടെ സംവിധായകൻ സിബി മലയിൽ ചിത്രത്തിന്റെ റീസ്റ്റോറേഷൻ പ്രോസസും അതിന്റെ ഓർമ്മകളും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. ‘സില്ലി മോങ്ക്സിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേവദൂതൻ, സമ്മർ ഇൻ ബത്‌ലഹേം, എന്നീ സിനിമകൾ റീ റിലീസ് ചെയ്തുകഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കിരീടത്തിന്റെ റീ-റിലീസും ആവശ്യപ്പെട്ടിരുന്നു. ‘സദയം’, ‘ദശരഥം’ എന്നീ സിനിമകളും ആളുകൾ ചോദിക്കുന്നുണ്ട്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കയ്യിൽ ഇതിന്റെ പ്രിന്റുണ്ട്.
ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ അവർ തങ്ങളുടെ ആർക്കൈവ്സിൽ സൂക്ഷിക്കാറുണ്ട്. കിരീടത്തിൽ മോഹൻലാലിന് ദേശീയ അവാർഡ് (പ്രത്യേക പരാമർശം) കിട്ടിയതുകൊണ്ട് അത് അവർ സ്വാഭാവികമായും സൂക്ഷിച്ചിട്ടുണ്ട്. അവർ തങ്ങളുടെ കയ്യിലുള്ള സിനിമകൾ റീസ്റ്റോർ ചെയ്യുന്ന പ്രോസസ്സ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അങ്ങനെ റീസ്റ്റോർ ചെയ്ത മലയാളത്തിലെ ആദ്യത്തെ സിനിമ കിരീടമാണ്.
കിരീടത്തിന്റെ റീസ്റ്റോറേഷൻ പ്രോസസ് തുടങ്ങിയപ്പോൾ തന്നെ അവർ നമ്മളെ വിളിക്കുകയും, റീസ്റ്റോർ ചെയ്ത ഭാഗങ്ങൾ കണ്ട് ബോധ്യപ്പെട്ട് അത് ഓക്കെയാണോ എന്ന് അപ്പ്രൂവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ചിത്രത്തിന്റെ ഡി.ഒ.പി. എസ്. കുമാർ പോയി കണ്ടു. കുമാറിന്റെ അപ്പ്രൂവൽ കിട്ടിക്കഴിഞ്ഞപ്പോൾ ഞാൻ പോയി കണ്ടു. എന്റെയും കൂടി അപ്പ്രൂവൽ കിട്ടിയ ശേഷമാണ് അവർ അതിനുള്ള ഫൈനൽ കൺഫർമേഷൻ നൽകുന്നത്.
അതിനുശേഷം ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോൾ അവിടെ കിരീടത്തിന് ഒരു റെഡ് കാർപെറ്റ് പ്രീമിയർ ഷോ നടത്തി. അതിലേക്ക് എന്നെയും ചിത്രത്തിന്റെ നെഗറ്റീവ് റൈറ്റ് ഹോൾഡറായ ജി. പി. വിജയകുമാറിനെയും ക്ഷണിച്ചിരുന്നു. ഞങ്ങൾ പോയി അത് വലിയ ആഘോഷമാക്കി. മലയാളത്തിൽ നിന്നുള്ള അവരുടെ ആദ്യത്തെ റീമാസ്റ്റേർഡ് മൂവിയായിട്ടാണ് കിരീടത്തെ അവതരിപ്പിച്ചത്.
അവിടുത്തെ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നിൽ ചിത്രം കാണിക്കുകയും വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. അന്ന് ഞാൻ പോയപ്പോൾ ഷോ തുടങ്ങുന്നതിന് മുൻപ് ഓഡിയൻസുമായി സംസാരിച്ച ശേഷം ഇന്റർവെൽ വരെ കണ്ട് ഞാൻ റൂമിലേക്ക് പോയി.
എന്നാൽ സിനിമ കണ്ട ശേഷം, ഇന്ത്യക്കാരല്ലാത്ത അന്താരാഷ്ട്ര പ്രേക്ഷകർ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് അറിയാൻ പുറത്ത് കാത്തുനിന്നിരുന്നു എന്ന് അടുത്ത ദിവസമാണ് ഞാൻ അറിയുന്നത്. അവിടെ വന്നിരുന്ന ടൊവിനോയും ആസിഫ് അലിയുമാണ് ഇക്കാര്യം എന്നോട് പറഞ്ഞത്, സിബി മലയിൽ ഓർത്തെടുത്തു.
Content Highlight: Sibi Malayil talks about kireedam re release