തമിഴിൽ മുടങ്ങിപ്പോയ ആ ചിത്രം മലയാളത്തിലെടുത്തപ്പോൾ സൂപ്പർഹിറ്റായി: സിബി മലയിൽ
Entertainment
തമിഴിൽ മുടങ്ങിപ്പോയ ആ ചിത്രം മലയാളത്തിലെടുത്തപ്പോൾ സൂപ്പർഹിറ്റായി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th January 2025, 3:16 pm

മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം സുരേഷ് ഗോപി മഞ്ജു വാര്യർ കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിയാദ് കോക്കർ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം നിർമിച്ചത്. വിദ്യ സാഗർ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു.

സമ്മർ ഇൻ ബത്‌ലഹേം ജയറാം, പ്രഭു, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴിലാണ് ആദ്യം പ്ലാൻ ചെയ്തിരുന്നതെന്ന് സംവിധായകൻ സിബി മലയിൽ പറയുന്നു. അന്ന് തമിഴിലേക്ക് വരാൻ  മഞ്ജുവിന് മടിയുണ്ടയിരുന്നുവെന്നും എന്നാൽ പിന്നീട് മഞ്ജു തയ്യാറായെന്നും സിബി പറയുന്നു.

 

മഞ്ജുവും പ്രഭുവും ഒന്നിച്ചൊരു ഗാനം ചിത്രീകരിച്ചരിന്നുവെന്നും എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആ സിനിമ മുടങ്ങിപ്പോയെന്നും സിബി പറയുന്നു. ഒടുവിൽ സിനിമ മലയാളത്തിലേക്ക് മാറിയപ്പോഴും മഞ്ജു വാര്യർ തന്നെയായിരുന്നു നായികയെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

‘സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രം ജയറാം, പ്രഭു, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴിലാണ് ആദ്യം പ്ലാൻ ചെയ്‌തിരുന്നത്. രഞ്ജിത്തിന്റെ കഥയ്ക്ക് ക്രേസി മോഹൻ എന്നയാളാണ് തമിഴിൽ തിരക്കഥ ഒരുക്കിയിരുന്നത്. തമിഴിലേക്ക് വരാൻ ആദ്യം മഞ്ജു വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മഞ്ജു സമ്മതിച്ചു.

അങ്ങനെ പ്രഭുവും മഞ്ജുവും ചേർന്ന ഒരു ഗാനം മദ്രാസിൽ ചിത്രീകരിച്ചിരുന്നു. പക്ഷേ, ആ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽത്തന്നെ നിർമാതാവിൻ്റെ ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ചിത്രം നിന്നുപോയി. പിന്നീടാണ് അത് മലയാളത്തിൽ ചെയ്യുന്നത്. പ്രഭുവിന്റെ റോൾ സുരേഷ്‌ഗോപി എടുത്തു, ബാക്കിയെല്ലാം അതു പോലെത്തന്നെ.

അപ്പോഴേക്കും നായകനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മഞ്ജു വളർന്നിരുന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malyalil About Manju Warrior And Summer In Bethlehem Movie