എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സദയം. 1992ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, മാതു എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ ആയിരുന്നു സദയത്തിന്റെ നിര്‍മാതാവ്.
സദയം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. താന്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സിനിമ അതായിരുന്നുവെന്നും തന്നെ സംബന്ധിച്ച് ലോഹിതദാസിന്റെ മരണത്തോളം വലിയ സങ്കടമായിരുന്നു സദയമെന്നും സിബി മലയില്‍ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ഞാനേറെ ആഗ്രഹിച്ചതാണ്. അദ്ദേഹത്തെ കണ്ട് അതിന് അവസരം ചോദിക്കാന്‍ ധൈര്യം തന്നത് സെവന്‍ ആര്‍ട്സ് വിജയകുമാറാണ്. അങ്ങനെ എം.ടി. സാറിനെ പോയിക്കണ്ടു. നമുക്കൊരു വലിയ പടം ചെയ്യാമെന്നായി അദ്ദേഹം.
മമ്മൂട്ടിയും ലാലും ഉള്‍പ്പെടെ തെന്നിന്ത്യയിലെ പ്രധാന അഭിനേതാക്കളെ വെച്ച് ജൂലിയസ് സീസര്‍ എന്ന വലിയചിത്രം. അതിന്റെ ലൊക്കേഷന്‍ തേടി സാറിനൊപ്പം യാത്രചെയ്തു. പക്ഷേ, ആ സിനിമ നടന്നില്ല. അങ്ങനെയാണ് സദയത്തിലേക്ക് കടക്കുന്നത്. അദ്ദേഹത്തിന്റെ ശത്രു എന്ന ചെറുകഥയായിരുന്നു ആ സിനിമയ്ക്കാധാരം.
ലോഹിയുടെ മരണത്തോളം വലിയ സങ്കടമായിരുന്നു എന്നെ സംബന്ധിച്ച് ആ സിനിമ. ഞാന്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സിനിമ അതായിരുന്നു. അന്നത് നടന്നില്ല. പിന്നെയും ഏറെവര്‍ഷങ്ങള്‍ക്കുശേഷമാണ് ദേവദൂതനിലേക്കെത്തുന്നത്. അതിന്റെ പരാജയം എന്നെ തകര്‍ത്തുകളഞ്ഞു. പക്ഷേ, ഏകദേശം കാല്‍നൂറ്റാണ്ടോടടുക്കുമ്പോള്‍ ദേവദൂതന്‍ പിന്നെയും തിയേറ്ററുകളിലെത്തി. പുതിയതലമുറ കൈയടിയോടെ ദേവദൂതനെ സ്വീകരിച്ചു. ആ സങ്കടം പൊറുക്കപ്പെട്ടു,’ സിബി മലയില്‍ പറയുന്നു.