1980മുതല്‍ മലയാളികള്‍ക്ക് ഏറെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി സിനിമകള്‍ സിബിയുടേതായിട്ടുണ്ട്.
ഇപ്പോള്‍ വളരെ അധികം ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ ഏതാകും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. തന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
ഒരുപാട് സിനിമകള്‍ ഇഷ്ടത്തോടെ നമുക്ക് ചേര്‍ത്തു നിര്‍ത്താന്‍ ഉണ്ടാകാറുണ്ടെന്നും എങ്കിലും ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ താന്‍ ഇന്നുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയായി കാണുന്നത് സദയമാണെന്നും സംവിധായകന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ ഏതാണെന്ന ചോദ്യത്തിന് എനിക്ക് ഒറ്റവാക്കില്‍ മറുപടി പറയാന്‍ ആവില്ല. ആദ്യത്തെ കണ്‍മണി എന്ന കണ്‍സെപ്റ്റിലാണ് ഞാന്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമ ചെയ്യുന്നത്.
എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ തന്നെയാണ് അത്. എന്റെ സ്വപ്‌നങ്ങളുടെ തുടക്കമായിരുന്നല്ലോ ആ സിനിമ. ഒരുപാട് കാര്യങ്ങള്‍ അതിലേക്ക് ഞാന്‍ ചേര്‍ത്തു വെച്ചിരുന്നു. ശീലിച്ചതും പഠിച്ചതുമെല്ലാം അതിലേക്ക് കൊണ്ടുവന്നിരുന്നു.
പിന്നെ ഓരോ ഘട്ടങ്ങളിലും നമ്മളും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകള്‍ ഒരുപാട് ഉണ്ടാകാറുണ്ട്. വലിയ രീതിയില്‍ ജനങ്ങള്‍ കണ്ട സിനിമകളുണ്ടാകും. കൂടുതല്‍ ആളുകള്‍ കണ്ടില്ലെങ്കില്‍ പോലും ഏറെ അംഗീകരിക്കപ്പെട്ട പടങ്ങളുമുണ്ടാകും.
ഒരുപാട് സിനിമകള്‍ ഇഷ്ടത്തോടെ നമുക്ക് ചേര്‍ത്തു നിര്‍ത്താന്‍ ഉണ്ടാകാറുണ്ട്. എങ്കിലും ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ ഞാന്‍ ഇന്നുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയായി കാണുന്നത് സദയമാണ്.
മറ്റെല്ലാ സിനിമകളെയും വെച്ചു നോക്കുമ്പോള്‍ ഒരു ഫിലിംമേക്കറെന്ന നിലയില്‍ നല്ല ഔട്ട്പുട്ട് ഞാന്‍ നല്‍കിയ സിനിമയായിരുന്നു സദയം. എം.ടി സാറിന്റെ സ്‌ക്രിപ്റ്റിനെ എന്നെ കൊണ്ട് പറ്റുന്നത്രയും നന്നായി ചെയ്യാന്‍ ശ്രമം നടത്തുകയായിരുന്നു ഞാന്‍,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Sadayam Movie