മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ഉസ്താദ്. ഇപ്പോള്‍ ഉസ്താദ് സിനിമയിലേക്ക് ദിവ്യ ഉണ്ണിക്ക് മുമ്പ് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുകയാണ് സംവിധായകന്‍.
എ.കെ. ലോഹിതദാസ് നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ ദല്‍ഹിയില്‍ പോയപ്പോള്‍ കന്മദം സിനിമയിലെ കുറച്ച് ഭാഗങ്ങള്‍ താന്‍ സംവിധാനം ചെയ്തിരുന്നുവെന്നും അന്ന് താന്‍ ഒരു അഭിനേത്രിയുടെ വിസ്മയിപ്പിക്കുന്ന പരകായപ്രവേശം അവിടെ കണ്ടുവെന്നും സിബി മലയില്‍ പറയുന്നു.
അതിനുശേഷം താനും രഞ്ജിത്തും ഒന്നിച്ച ഉസ്താദ് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ സഹോദരിയായി മഞ്ജുവിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘അന്ന് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ദുബായില്‍ ഉണ്ടായിരുന്നു. ഉസ്താദിന്റെ ക്ലൈമാക്സുമായി ചേര്‍ന്ന സീനുകള്‍ ചിത്രീകരിക്കേണ്ടത് ദുബായിലാണ്. അതിനാല്‍ ആ ഭാഗങ്ങള്‍ ആദ്യം ചിത്രീകരിക്കാന്‍ വേണ്ടി ഞങ്ങള്‍ ദുബായിലേക്ക് പോയി. അതിനിടയിലാണ് മഞ്ജുവിന്റെ വിവാഹവാര്‍ത്ത അറിയുന്നത്.
ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ ദിലീപും മഞ്ജുവും ചേര്‍ന്ന് എന്നെ വിളിച്ചു. കുറച്ചുകാലം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു. അതോടെ മഞ്ജുവിന്റെ റോള്‍ ദിവ്യ ഉണ്ണി ചെയ്യേണ്ടിവന്നു,’ സിബി മലയില്‍ പറയുന്നു.
കഥാപാത്രത്തെ നമ്മുടെ സങ്കല്പത്തിനപ്പുറത്തേക്ക് മഞ്ജു വാര്യര്‍ കൊണ്ടുപോകുമെന്നും ക്യാരക്ടര്‍ ഉള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ ഏത് കഥാപാത്രവും ഏല്‍പ്പിക്കാന്‍ നമുക്ക് ധൈര്യമാണെന്നും അതുപോലെത്തന്നെയാണ് മഞ്ജു വാര്യരെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sibi Malayil Talks About Manju Warrier And Mohanlal’s Usthad Movie