ശൂന്യതയില്‍ നിന്ന് കേറി വന്ന് ഒരു സാമ്രാജ്യം പിടിച്ചെടുത്തയാളാണ് ആ നടന്‍: സിബി മലയില്‍
Entertainment
ശൂന്യതയില്‍ നിന്ന് കേറി വന്ന് ഒരു സാമ്രാജ്യം പിടിച്ചെടുത്തയാളാണ് ആ നടന്‍: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 7:28 am

മലയാളികള്‍ക്ക് ഏറെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം, സദയം എന്നിങ്ങനെ മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി സിനിമകള്‍ സിബിയുടേതായിട്ടുണ്ട്. നാല്‍പ്പത്ത് വര്‍ഷ കാലത്തോളമായി അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ഒന്നുമില്ലായ്കയില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ് മണിയെന്ന് സിബി മലയില്‍ പറയുന്നു. ശൂന്യതയില്‍ നിന്നും കേറി വന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ചടുത്തയാളാണ് മണിയെന്നും ഇപ്പോളും അത്രയും ഫാന്‍ബേയ്‌സുള്ള ആളാണ് മണിയെന്നും അദ്ദേഹം പറയുന്നു.

തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ജനസമുദ്രമായിരുന്നു മണി മരിച്ച ദിവസം ഉണ്ടായിരുന്നതെന്നും ആള്‍ക്കൂട്ടത്തില്‍ മണിയുടെ ബോഡിയുള്‍പ്പെടെ മേശയില്‍ നിന്ന് മറിഞ്ഞ് പോയ അവസ്ഥയുണ്ടായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു. അത്രയും വലിയൊരു ജനസാഗരം താന്‍ ഇതിന് മുമ്പ് ആര് മരിച്ചപ്പോഴും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയോയട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ശൂന്യതയില്‍ നിന്ന് കേറി വന്ന് ഒരു സാമ്രാജ്യം പിടിച്ചെടുത്തയാളാണ് മണി. അത്രമാത്രം ഫാന്‍ബേയ്‌സുള്ള ആളാണ് അദ്ദേഹം. മണി മരിച്ച ദിവസങ്ങളിലൊക്കെ ചിന്തിക്കാന്‍ പറ്റാത്ത അത്ര ജനസമുദ്രം ആയിരുന്നു. ആള്‍ക്കൂട്ടം കൊണ്ട്, ആ ബോഡി വെച്ചിരുന്ന ടേബിള്‍ മറിഞ്ഞ് ബോഡി ഉള്‍പ്പെടെ താഴെ പോയ അവസ്ഥ ഉണ്ടായി. ഞങ്ങള്‍ക്കാര്‍ക്കും അവിടെ കാണാന്‍ പറ്റില്ല.

ഞങ്ങള്‍ക്ക് ആ കെട്ടിടത്തിന്റെ അടുത്ത് നഗരസഭ ഓഫീസിന്റെ മുകളില്‍ ഒരു സ്ഥലത്ത് മാത്രമെ ഇരിക്കാന്‍ പറ്റുകയുള്ളു. താഴേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. ഒരു ഘട്ടത്തില്‍ ബഹളം ആയപ്പോഴേക്കും ഈ ആള്‍ക്കൂട്ടത്തിന്റെ തള്ളില്‍ ആ വെച്ചിരുന്ന മേശ മറിഞ്ഞ് ആ പെട്ടി ഉള്‍പ്പെടെ താഴേ പോയി. അങ്ങനെയൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു ആക്ടറിന്റെയോ അല്ലെങ്കില്‍ പൊളിറ്റീഷ്യന്റെയോ ഒക്കെ മരണത്തില്‍ അത്ര ജനസമുദ്രം വരുന്നത്,’സിബി മലയില്‍ പറയുന്നു.

Content Highlight: Sibi  Malayil  talks  about  Kalabhavan Mani.