സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ താത്പര്യമുണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കി തൊഴിലൊന്നുമില്ലാതെ ജീവിക്കുന്ന സമയത്ത് നവോദയ പുതിയൊരു സിനിമയുടെ ആലോചനയിലാണെന്നും അവിടെച്ചെന്നാല്‍ കഥാചര്‍ച്ചയിലും മറ്റും പങ്കെടുക്കാമെന്നുമറിഞ്ഞ് അവിടേക്കുചെന്നുവെന്നും അങ്ങനെ മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി എടുക്കാനിരുന്ന സിനിമയുടെ ചര്‍ച്ചയില്‍ ഭാഗമായെന്നും സിബി മലയില്‍ പറഞ്ഞു.
എന്നാല്‍ മാപ്പിള ലഹളയെപ്പറ്റി ക്രിസ്ത്യാനികള്‍ സിനിമയെടുത്താല്‍ എങ്ങനെ ശരിയാകും എന്ന തലക്കെട്ടില്‍ ഒരു പത്രവാര്‍ത്തവന്നുവെന്നും സിനിമ വര്‍ഗീയതയ്ക്ക് വളമായതോടെ ആ സംരംഭം നിലച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘കുട്ടിക്കാലംതൊട്ടേ എനിക്ക് സിനിമയില്‍ ഒരു കണ്ണുണ്ടായിരുന്നു. എങ്കിലും ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പ്രീഡിഗ്രി പഠനകാലത്താണ് സിനിമയിലേക്ക് കൂടുതല്‍ അടുക്കുന്നത്. അക്കാലം സിനിമാ കാഴ്ചകളുടേത് കൂടിയായിരുന്നു. പിന്നെ ആലപ്പുഴ എസ്.ഡി കോളേജില്‍ ബികോമിന് പഠിക്കുന്ന കാലത്ത് ഷോര്‍ട് ഫിലിം എടുക്കാനൊരു ശ്രമം നടത്തി. പക്ഷേ, പണം പ്രശ്‌നമായത് കൊണ്ട് പരിശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു.
പുണെയില്‍പ്പോയി സിനിമ പഠിക്കണമെന്ന ആഗ്രഹത്തിന് വീട്ടില്‍നിന്ന് അനുവാദം കിട്ടിയതുമില്ല. ആലപ്പുഴയിലൊരു ഫിലിം സൊസൈറ്റി ഉണ്ടാക്കണമെന്നതായിരുന്നു പിന്നെത്തെ മോഹം. എങ്ങനെയൊക്കെയോ അത് സാധ്യമാക്കി. എറണാകുളത്തെ ജനശക്തി ഫിലിം സൊസൈറ്റിയുടെ പക്കല്‍നിന്ന് വിഖ്യാത സിനിമകളുടെയൊക്കെ പെട്ടി സംഘടിപ്പിച്ച് ആലപ്പുഴയിലെത്തിക്കും. പണം പിരിച്ചും മറ്റുമുള്ള സിനിമാ പ്രദര്‍ശനം പക്ഷേ, അധികകാലം മുന്നോട്ടുപോയില്ല.
പഠനം പൂര്‍ത്തിയാക്കി തൊഴിലൊന്നുമില്ലാതെ ജീവിക്കുന്ന കാലം. നവോദയ പുതിയൊരു സിനിമയുടെ ആലോചനയിലാണെന്നും അവിടെച്ചെന്നാല്‍ കഥാചര്‍ച്ചയിലും മറ്റും പങ്കെടുക്കാമെന്നുമറിഞ്ഞ് അവിടേക്കുചെന്നു. മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി സിനിമചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍.
അതിന്റെ കഥാചര്‍ച്ചയില്‍ പങ്കാളിയായി. ആ കലാപത്തില്‍ പങ്കെടുത്ത, അന്ന് ജീവിച്ചിരിപ്പുള്ളവരെത്തേടി മലബാറില്‍ തങ്ങുന്നതിനിടെ മാപ്പിള ലഹളയെപ്പറ്റി ക്രിസ്ത്യാനികള്‍ സിനിമയെടുത്താല്‍ എങ്ങനെ ശരിയാകും എന്ന തലക്കെട്ടില്‍ ഒരു പത്രവാര്‍ത്തവന്നു. സിനിമ വര്‍ഗീയതയ്ക്ക് വളമായതോടെ ആ സംരംഭം നിലച്ചു. എങ്കിലും നവോദയയുമായുള്ള ബന്ധം നിലനിന്നു. പിന്നെ മാമാങ്കത്തിന്റെ അസിസ്റ്റ്ന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി,’ സിബി മലയില്‍ പറയുന്നു.