ആ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ടാണ് ഇന്നും എന്റെ കോളര്‍ ട്യൂണ്‍; എനിക്ക് വളരെ സ്‌പെഷ്യല്‍: സിബി മലയില്‍
Entertainment
ആ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ടാണ് ഇന്നും എന്റെ കോളര്‍ ട്യൂണ്‍; എനിക്ക് വളരെ സ്‌പെഷ്യല്‍: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 5:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. സിനിമാപ്രേമികള്‍ക്ക് മികച്ച നിരവധി സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി ആദ്യമായി സംവിധായകനാകുന്നത്.

സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് പ്രിയദര്‍ശന്‍, ഫാസില്‍ ഉള്‍പ്പെടെയുള്ള മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആള്‍ കൂടിയാണ് അദ്ദേഹം. സിബി മലയിലിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

മുത്താരംകുന്ന് പി.ഒ ആണ് ആദ്യ സംവിധാന ചിത്രമെങ്കിലും ദേവദൂതന്‍ ആയിരുന്നു സിബി ആദ്യമായി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച സിനിമ. ഇപ്പോള്‍ ആ ചിത്രത്തിലെ ‘എന്തരോ മഹാനു’ എന്ന് തുടങ്ങുന്ന പാട്ടിനെ കുറിച്ച് പറയുകയാണ് സിബി മലയില്‍.

ഒരു വല്ലാത്ത കമ്പോസിഷനാണ് അതെന്നും മലയാള സിനിമയില്‍ ഇങ്ങനെയൊരു ക്ലാസിക്കല്‍ – വെസ്‌റ്റേണ്‍ ഫ്യൂഷന്‍ കമ്പോസിഷന്‍ വേറെ ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി.

‘എന്തരോ മഹാനു എന്ന പാട്ടാണ് എപ്പോഴും എന്റെ കോളര്‍ ട്യൂണ്‍. ആ പാട്ടിന്റേത് ഒരു വല്ലാത്ത കമ്പോസിഷനാണ്. എന്റെ ആദ്യ സിനിമക്ക് വേണ്ടി എഴുതിയ കഥയാണല്ലോ അത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ് ദേവദൂതന്‍ സിനിമയുടേത്.

ഞാന്‍ ആദ്യമായി കാണുന്ന സ്വപ്‌നമാണ് അത്. ആ കഥ സിനിമയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു. അതിലേക്ക് ഇങ്ങനെയൊരു മ്യൂസിക് കമ്പോസിഷനാണ് ഉപയോഗിച്ചത്. മലയാള സിനിമയില്‍ ഇങ്ങനെയൊരു ക്ലാസിക്കല്‍ – വെസ്‌റ്റേണ്‍ ഫ്യൂഷന്‍ കമ്പോസിഷന്‍ വേറെ ഉണ്ടായിട്ടില്ല.

ഏറ്റവും മികവോടെയാണ് അത് ചെയ്തത്. ആ കമ്പോസിഷനോട് തുലനം ചെയ്യാന്‍ മറ്റൊന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എന്തരോ മഹാനു എന്ന പാട്ട് എനിക്ക് വളരെ സ്‌പെഷ്യലാണ്,’ സിബി മലയില്‍ പറയുന്നു.


Content Highlight: Sibi Malayil Talks About Entharo Mahanu Song In Devadoothan