ആ സീനുകൾ ഡിലീറ്റ് ചെയ്തിട്ടാണ് കിരീടം റീ റിലീസിനെത്തുന്നത്: സിബി മലയിൽ
Malayalam Cinema
ആ സീനുകൾ ഡിലീറ്റ് ചെയ്തിട്ടാണ് കിരീടം റീ റിലീസിനെത്തുന്നത്: സിബി മലയിൽ
കെ.എസ് ഷാബിന
Monday, 6th July 2026, 6:40 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ‘കിരീടം’ ഈ മാസം 10ന് റീമാസ്റ്റർ ചെയ്ത പതിപ്പുമായി റീ റിലീസിനെത്തുകയാണ്. നടനവിസ്മയം മോഹൻലാലിന്റെ സേതുമാധവനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇപ്പോൾ റീ റിലീസ് ചെയ്യുന്ന സിനിമയിലെ കട്ട് ചെയ്ത ചില ഭാഗങ്ങളെ കുറിച്ചും, ചിത്രത്തിന് കിരീടം എന്ന പേര് നൽകിയതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

‘റീ-റിലീസ് ചെയ്യുന്ന കിരീടത്തിൽ ഒന്ന് രണ്ട് സീനുകൾ കട്ട് ചെയ്തിട്ടുണ്ട്. അന്ന് ഭയങ്കരമായി സ്പൂൺ ഫീഡിങ് ആയിരുന്നു. ഒരേ കാര്യം തന്നെ രണ്ടും മൂന്നും തവണ പറയുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ തോന്നിയ ചില ഭാഗങ്ങളും ഡയലോഗുകളും ഷോട്ടുകളും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് 37 വർഷങ്ങൾക്ക് ശേഷം അന്നുണ്ടായിരുന്ന ഒരു ഓഡിയൻസിന് കൊടുക്കുന്ന രീതിയിലുള്ള ഇൻഫർമേഷൻ ഇപ്പോൾ കൊടുക്കേണ്ടതില്ല.

കിരീടം.Photo;IMDB

അന്ന് കാര്യങ്ങൾ സ്പൂൺ ഫീഡിങ് ചെയ്ത് കൂടുതലായി വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ ഓഡിയൻസിന് അത് ആവശ്യമില്ല. എല്ലാം കൂടെ ഒരു രണ്ട്-മൂന്ന് മിനിറ്റിന്റെ ഭാഗങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്’,സിബി മലയിൽ പറഞ്ഞു.

കിരീടം എന്ന പേര് സിനിമക്ക് നൽകിയതിനെ കുറിച്ചും സംവിധായകൻ ഓർത്തെടുത്തു.

‘കിരീടത്തിന്റെ കഥ ആലോചിക്കുമ്പോൾ ഇതിന് ഒരു ടൈറ്റിൽ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു. സ്റ്റോറിയുടെ ഐഡിയ മാത്രം കുറച്ചു നാളായി മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. അന്ന് ലാൽ ആണോ ചെയ്യുന്നത് എന്നൊന്നും തീരുമാനിച്ചിട്ടുമില്ലായിരുന്നു.

കിരീടം.Photo;Mathrubhumi

ആ സമയത്താണ് ഐ.വി. ശശി സാറിന്റെ ‘മുക്തി’ എന്ന, മമ്മൂക്ക അഭിനയിച്ച സിനിമ ഇറങ്ങുന്നത്. ഒരിക്കൽ ലോഹിതദാസ് അതിന്റെ വർക്കുമായി മദ്രാസിൽ ഉള്ളപ്പോൾ ഞാൻ ലോഹിയെ കാണാൻ ചെന്നപ്പോൾ ആ സിനിമയെക്കുറിച്ച് എന്നോട് പറഞ്ഞു.

ഒരു കളക്ടറുടെ ജീവിതമാണ് ആ സിനിമ. അപ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടായ മുൾക്കിരീടം പോലുള്ള സംഭവങ്ങളായതുകൊണ്ട് ലോഹി ആ സിനിമയ്ക്ക് ‘കിരീടം’ എന്ന പേര് നിർദ്ദേശിച്ചു. പക്ഷേ ഐ.വി. ശശി സാർ അത് വേണ്ടെന്ന് വെച്ചു. പിന്നീട് വേറെ ഒരു പേര് അവർ ആലോചിച്ചപ്പോൾ ഞാൻ ആണ് പറഞ്ഞത്, “ആ പേര് ഞങ്ങൾ എടുത്തോളാം, ഞങ്ങളുടെ സിനിമയ്ക്ക് ഈ പേര് ഇടുകയാണ്” എന്ന്. അങ്ങനെയാണ് സിനിമയ്ക്ക് ‘കിരീടം’ എന്ന പേര് വന്നത്’, സിബി മലയിൽ പറഞ്ഞു.

Content Highlights: Sibi Malayil talks about deleted scenes kireedam movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.