മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.
സിബി മലയില്‍ തന്റെ സംവിധാന ജീവിതം ആരംഭിച്ചിട്ട് ഇപ്പോള്‍ നാല്‍പ്പത് വര്‍ഷത്തോളമായി. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ മുരളിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മുരളി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും തന്റെ ഒരു ഫോണ്‍ കോളിന്റെ അപ്പുറത്ത് അദ്ദേഹം എപ്പോഴും ഉണ്ടാകുമെന്നും സിബി മലയില്‍ പറയുന്നു. മുരളിയോട് താന്‍ സിനിമയുടെ ഡേറ്റ് പോലും പറയേണ്ട ആവശ്യമില്ലെന്നും ഒരു സിനിമയുണ്ടെന്ന് പറഞ്ഞാല്‍ മറിച്ച് ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ അങ്ങോട്ടേക്ക് അദ്ദേഹം വരുമെന്നും സിബി മലയില്‍ പറയുന്നു.
ദേവദൂതന്‍ ചെയ്യുന്ന സമയത്ത് ആല്‍ബേര്‍ട്ടായി ആരെ കാസ്റ്റ് ചെയ്യണമെന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും പിന്നീട് താന്‍ അവസാന നിമിഷത്തില്‍ മുരളിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുരളി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് തന്റെ സിനിമയിലാണെന്നും സിബി മലയില്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുരളി സിനിമയിലെ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു നല്ല ബോണ്ടിങ് ഉണ്ട്. കാരണം എന്റെയൊരു ഫോണ്‍ കോളിന്റെ അപ്പുറത്ത് എന്നും മുരളിയുണ്ടായിരുന്നു. ഏത് സിനിമക്കും നേരത്തെ ഡേറ്റ് പോലും പറയണ്ട. ഞാനാണെന്ന് പറഞ്ഞാല്‍ പിന്നെ പുള്ളിക്ക് ചോദ്യങ്ങള്‍ ഇല്ല. ഒരു സിനിമയുണ്ടെന്ന് പറഞ്ഞാല്‍ ‘ഞാനുണ്ട് എന്നാണ് വരേണ്ടത്’ എന്ന് മാത്രമേ ചോദിക്കുകയുള്ളു. ദേവദൂതന് പോലും ലാസ്റ്റ് നിമിഷത്തിലാണ് മുരളിയേ കാസ്റ്റ് ചെയ്തത്.
ആല്‍ബര്‍ട്ടിന്റെ വേഷം ആര് ചെയ്യുമെന്ന് കണ്‍ഫ്യൂഷനിലായപ്പോള്‍ പെട്ടന്ന് ഞാന്‍ മുളിയെ വിളിച്ചാലോ എന്ന് വിചാരിച്ചു. ഊട്ടിയിലേക്ക് പോകുന്ന വഴിക്കാണ് ഞാന്‍ പുള്ളിയുടെ അടുത്ത് ‘ മുരളി ഇങ്ങനെ ഒരു പരിപാടിയുണ്ട്’ എന്ന് പറഞ്ഞത്. എന്നാണ് വരേണ്ടതെന്നാണ് ചോദിച്ചത്. വേറെ ഒന്നും ചോദിച്ചില്ല. അത്രയും എന്നെ വിശ്വസിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മുരളി. മുരളി ഏറ്റവും കൂടുതല്‍ ഒരു സംവിധായകന്റെ കൂടെ അഭിനയിച്ചത് എന്റെ സിനിമയിലാണ്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi malayil talks about actor Murali