തനിയാവർത്തനം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആ സൂപ്പർ സ്റ്റാർ, കൊമേഴ്ഷ്യൽ പടം വേണമെന്ന് അദ്ദേഹത്തിന്റെ മാനേജറും: സിബി മലയിൽ
Entertainment
തനിയാവർത്തനം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആ സൂപ്പർ സ്റ്റാർ, കൊമേഴ്ഷ്യൽ പടം വേണമെന്ന് അദ്ദേഹത്തിന്റെ മാനേജറും: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 8:50 am

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ തനിയാവർത്തനം. ലോഹിതാദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ ഗംഭീര പ്രകടനമായിരുന്നു കണ്ടത്. അന്ധവിശ്വാസങ്ങളെ കുറിച്ചു തുറന്നു കാട്ടിയ ചിത്രം ഇന്നും പ്രസക്തമാണ്.

അന്ന് ചിത്രം കണ്ട് തന്നെ കമൽഹാസൻ വിളിച്ചിരുന്നുവെന്നും തനിയാവർത്തനം തമിഴിലേക്ക് റീമേക്ക് ചെയ്യുമോയെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്ന് സിബി മലയിൽ പറയുന്നു. തനിക്കത് ഓക്കെ ആയിരുന്നുവെന്നും സിബി പറഞ്ഞു.


എന്നാൽ കമൽഹാസന്റെ മാനേജർ ഒരു കോമേഴ്‌ഷ്യൽ ചിത്രം ചെയ്യാനാണ് ആഗ്രഹിച്ചതെന്നും അതിനാൽ തീരുമാനം മാറ്റിയെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമൽഹാസൻ ഒരിക്കൽ എന്നെ വിളിച്ചിട്ട് പറഞ്ഞു, എനിക്കൊന്ന് കാണണം രാജ് കമൽ ഓഫീസിലേക്ക് വരാമോയെന്ന് ചോദിച്ചു. ഞാനവിടെ ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു, ഞാൻ സംവിധാനം ചെയ്ത തനിയാവർത്തനം ഒന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യാമോയെന്ന്.

ഞാൻ പറഞ്ഞു, ചെയ്യാമെന്ന്. കാരണം നമ്മളെക്കാൾ കൂടുതൽ അത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലുള്ള സ്ഥലമാണ് തമിഴ്നാട്. പ്രത്യേകിച്ച് ചില ഗ്രാമങ്ങളിലൊക്കെ അത് കൂടുതലായിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെന്ന് ചിന്തിക്കാനുള്ള പശ്ചാത്തലം അവിടെയുണ്ടല്ലോ. ഞാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ കമൽ വളരെ ഹാപ്പിയായി.

ആ പടം ചെയ്യുന്നത് കമലിന്റെ സ്ഥിരം മാനേജരായ ഡി. എൻ. സുബ്രഹ്മണ്യം എന്ന് പറയുന്ന ആളാണ്. പുള്ളിക്ക് കൊടുത്ത ഡേറ്റിലാണ് സിനിമ ചെയ്യേണ്ടത്. കമൽ കരുതിയത് ചെറിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാമെന്നായിരുന്നു. അങ്ങനെയൊരു കഥാപാത്രം ചെയ്യാനും പുള്ളിക്ക് താത്പര്യമുണ്ടായിരുന്നു.

എന്നാൽ എന്നോട് സുബ്രഹ്മണ്യം പറഞ്ഞു, സാർ എനിക്ക് കിട്ടിയ ഡേറ്റ് ഇതാണ്. ഇത് വലിയ ക്ലാസ്സിക് സിനിമയാണ്. അത് ഇവിടെ പോവില്ല. നമുക്കൊരു കോമേഴ്‌ഷ്യൽ പടം ചെയ്താൽ പോരെയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, എന്നാൽ നിങ്ങൾ കമലിനോട് പറയ്, അദ്ദേഹം പറയുന്ന പോലെ ചെയ്യാമെന്ന്.

എനിക്ക് എന്താണെങ്കിലും കുഴപ്പമില്ലായെന്ന് പറഞ്ഞു. പിന്നെ പുള്ളി ചെന്ന് കമലിനോട് പറഞ്ഞു, നമുക്ക് വേറേ സിനിമ ചെയ്യാമെന്ന്. പിന്നെ കമലിന് വേണ്ടി വേറേ കഥ ആലോചിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil Says That Kamalhassan Want To Remake Thaniyavarthanam Movie