ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. മാധവി, മുരളി, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. ഇന്നും പ്രേക്ഷകരുടെ മനസില്‍ വിങ്ങലായി നില്‍ക്കുന്ന ചിത്രം ആ വര്‍ഷത്തെ മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നിരവധി സംസ്ഥാന അവാര്‍ഡും നേടി.
ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. സിനിമ റിലീസായി വലിയ ഹിറ്റായി മാറിയെന്നും പിന്നീട് തനിക്ക് ഒരു കത്ത് വന്നെന്നും സിബി മലയില്‍ പറഞ്ഞു. ആ കത്ത് താന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ആ കത്ത് എഴുതിയ ആള്‍ ആകാശദൂത് കാണുന്നതിന് മുമ്പ് എന്നും മദ്യപിക്കുമായിരുന്നെന്നും എന്നാല്‍ സിനിമ കണ്ട ശേഷം മദ്യപാനം ഉപേക്ഷിച്ചെന്നുമാണ് കത്തില്‍ എഴുതിയതെന്ന് സിബി മലയില്‍ പറഞ്ഞു.
തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡിനെക്കാള്‍ വലിയ മൂല്യമുള്ളതാണ് ആ കത്തെന്നും സിനിമ എന്ന കലയ്ക്ക് ആളുകളെ എത്രമാത്രം സ്വാധീനിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ആ കത്തെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുക എന്ന് പറയുമ്പോള്‍ അതിലും വലിയ അംഗീകാരം വേറെയില്ലെന്നും സിബി മലയില്‍ പറഞ്ഞു.
മുരളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിജയമാണ് അതെന്നും അദ്ദേഹം ആ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. കുടംബത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആളാണെങ്കിലും മദ്യപാനാസക്തി അയാളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെയാണെന്ന് കാണിക്കാന്‍ മുരളി എന്ന നടന് സാധിച്ചിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘ആകാശദൂത് എന്ന സിനിമ റിലീസായതിന് ശേഷം എനിക്ക ഒരു കത്ത് വന്നിരുന്നു. അത് ഞാന്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ആ കത്തില്‍ അയാള്‍ പറഞ്ഞത്, അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നെന്നും ആകാശദൂത് കണ്ടതിന് ശേഷം മദ്യപാനം ഉപേക്ഷിച്ചെന്നുമാണ്. എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡിനെക്കാള്‍ മൂല്യം ആ കത്തിന് ഉണ്ട്.
കാരണം നമ്മുടെ ഒരു സൃഷ്ടി അതിപ്പോള്‍ സിനിമയോ മറ്റേതൊരു കലാരൂപമോ ആയിക്കോട്ടെ. മറ്റൊരാളുടെ ജീവിതത്തില്‍ വലിയൊരു സ്വാധീനമുണ്ടാക്കി എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. അതില്‍ ഏറ്റവും വലുത് മുരളി ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ച രീതിയാണ്. കുടുംബത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആളാണ് മുരളി അവതരിപ്പിച്ച കഥാപാത്രം. എന്നാല്‍ മദ്യപാനാസക്തി അയാളെ എങ്ങനെ നശിപ്പിക്കുന്നു എന്ന് കാണിക്കാന്‍ മുരളിക്ക് സാധിച്ചിട്ടുണ്ട്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil about the letter he got after Akashadoothu movie