'കരിക്ക് ഞങ്ങള്‍ക്ക് കോമ്പറ്റീഷനല്ല, ഇന്‍സ്പിറേഷനായിരുന്നു' വെബ് സീരീസ് അനുഭവം പങ്കുവെച്ച് ശ്യാം മോഹന്‍
Entertainment
'കരിക്ക് ഞങ്ങള്‍ക്ക് കോമ്പറ്റീഷനല്ല, ഇന്‍സ്പിറേഷനായിരുന്നു' വെബ് സീരീസ് അനുഭവം പങ്കുവെച്ച് ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 6:40 pm

പൊന്മുട്ട എന്ന വെബ് സീരീസിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് ശ്യാം മോഹന്‍. ഹെവന്‍, 18+ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശ്യാമിന്റെ ഏറ്റവും പുതിയ ചിത്രം പ്രേമലു നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വെബ് സീരീസ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. വെബ് സീരീസ് ചെയ്യുന്ന സമയത്ത് കരിക്കുമായി നടത്തിയ കമ്പാരിസന്‍ എങ്ങനെയാണ് ഫേസ് ചെയ്തതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ജോലി റിസൈന്‍ ചെയ്ത ശേഷം കൈരളി ടി.വി.യില്‍ താരം അവതാരം എന്ന പരിപാടിയായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു സ്ഥിരവരുമാനം എന്ന നിലയില്‍ ആ പരിപാടി ഞാന്‍ ആസ്വദിച്ചു വരുമ്പോഴായിരുന്നു അത് നിര്‍ത്തിയത്. പെട്ടെന്ന് വരുമാനം നിലച്ചിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ഒരു ദിവസം ലുലു മാളില്‍ വെച്ച് പൊന്മുട്ടയുടെ ഡയറക്ടര്‍ ലിജു എന്റെ അടുത്തേക്ക് വന്നു. എന്നോട് ഇപ്പോള്‍ എന്താ പരിപാടി എന്ന് ചോദിച്ചു. ജോലിയൊക്കെ പോയെന്നറിഞ്ഞപ്പോള്‍ അവനാണ് ഇങ്ങനൊരു ഐഡിയ പറഞ്ഞത്.

അങ്ങനെ പെട്ടെന്നുള്ള ധൈര്യത്തില്‍ അങ്ങ് തുടങ്ങി. ആദ്യമൊന്നും വലിയ റീച്ച് കിട്ടിയില്ല. കുറേപ്പേര്‍ കരിക്കിന്റെ കോപ്പിയാണെന്നൊക്കെ കമന്റിടുമായിരുന്നു. അതൊക്കെ കണ്ട് ലിജു ഡൗണാവും. ഞാന്‍ അവനെ ആശ്വസിപ്പിക്കും. ടൈപ്പ്‌സ് ഓഫ് ഫ്രണ്ട്‌സ് എന്ന എപ്പിസോഡ് മുതലാണ് ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് കുറേ വീഡിയോസ് വൈറലായി. പൊന്മുട്ട വിചാരിച്ചതിനെക്കാള്‍ ഹിറ്റായി. ഞങ്ങള്‍ക്ക് മുന്നേ വെബ് സീരീസില്‍ ബെഞ്ച്മാര്‍ക്ക് സെറ്റ് ചെയ്ത ടീമാണ് കരിക്ക്. അവരോട് കോമ്പറ്റീഷന്‍ നടത്താനൊന്നും ഞങ്ങള്‍ക്ക് പ്ലാനുണ്ടായിരുന്നില്ല. അവരായിരുന്നു ഞങ്ങളുടെ ഇന്‍സ്പിറേഷന്‍’ ശ്യാം പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Shyam Mohan says that Karikku was inspiration for his web series