കൊച്ചി: നടി ശ്വേതാ മേനോനെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച് കോടതി പൊലീസിനും പരാതിക്കാരനും നോട്ടീസയച്ചു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിലാണ് ശ്വേതാ മേനോനെതിരെ കേസെടുത്തത്. പ്രസ്തുത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതിക്ക് അടിസ്ഥാനമായ തെളിവുകളില്ലെന്നും താരസംഘടനായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് ഫയല്‍ ചെയ്ത കേസ് ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്വേതയുടെ ഹരജി.
മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു ശ്വേതക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
എറണാകുളം ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 (എ)ഉം അനുസരിച്ചായിരുന്നു നടപടി.
ശ്വേതക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ശ്വേതയുടെ അഭിനയം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് മാര്‍ട്ടിന്റെ പരാതി. നടി അഭിനയിച്ച കോണ്ടം ബ്രാന്‍ഡായ കാമസൂത്രയുടെ പരസ്യവും കളിമണ്ണ്, പാലേരി മാണിക്യം, രതിനിര്‍വേദം എന്നീ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീല ചിത്രങ്ങളായി ഉന്നയിച്ചിരിക്കുന്നത്.
Content Highlight: Case against Shweta Menon; High Court stays further proceedings