സിനിമക്ക് വേണ്ടിയല്ല, ആ നടിയെ ഇംപ്രസ് ചെയ്യാനാണ് അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചത്: ശ്രുതി ഹാസന്‍
Indian Cinema
സിനിമക്ക് വേണ്ടിയല്ല, ആ നടിയെ ഇംപ്രസ് ചെയ്യാനാണ് അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചത്: ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 3:52 pm

അഭിനേതാവ്, ഗായിക എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് ശ്രുതി ഹാസന്‍. ഹേ റാം എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറിയ ശ്രുതി ഏഴാം അറിവിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് ത്രീ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ കൂലിയിലും ശ്രുതി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രജിനിയോടൊപ്പം തുല്യപ്രാധാന്യമുള്ള പ്രീതി എന്ന കഥാപാത്രത്തെയാണ് ശ്രുതി കൂലിയില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശ്രുതി ഹാസനും സത്യരാജും നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

താന്‍ ഈയടുത്ത് ഒരു തെലുങ്ക് സിനിമയില്‍ സ്വന്തമായി ഡബ്ബ് ചെയ്‌തെന്നും ആദ്യമായിട്ടാണ് മറ്റൊരു ഭാഷ കൈകാര്യം ചെയ്യുന്നതെന്നും സത്യരാജ് പറഞ്ഞു. എന്നാല്‍ മറ്റ് ഭാഷകള്‍ പെട്ടെന്ന് പിക്ക് ചെയ്‌തെടുക്കാന്‍ ശ്രുതിക്ക് അപാരമായ കഴിവുണ്ടെന്നും അത് പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കമല്‍ സാറിന്റെ മകളല്ലേ നിങ്ങള്‍. എല്ലാ ഭാഷയും പെട്ടെന്ന് പഠിച്ചെടുക്കാനാകുമല്ലോ. ഈയടുത്താണ് കമല്‍ സാറിന്റെ ഒരു ബംഗാളി സിനിമ കണ്ടത്. അതിന്റെ പേര് എനിക്ക് ഓര്‍മയില്ല. എന്നാല്‍ അതില്‍ ബംഗാളി എന്ത് ഫ്‌ളുവന്റായാണ് അദ്ദേഹം സംസാരിക്കുന്നത്’ സത്യരാജ് പറഞ്ഞു. എന്നാല്‍ സിനിമക്ക് വേണ്ടിയല്ല കമല്‍ ഹാസന്‍ ബംഗാളി ഭാഷ പഠിച്ചതെന്ന് ശ്രുതി ഹാസന്‍ മറുപടി നല്‍കി.

‘അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചത് ആ സിനിമക്ക് വേണ്ടിയൊന്നുമല്ല. അപര്‍ണ സെന്‍ എന്ന് പറയുന്ന ഒരു ബംഗാളി നടിയുണ്ടല്ലോ. അവരോട് അച്ഛന് പ്രണയം തോന്നിയിരുന്നു. ആ നടിയെ ഇംപ്രസ് ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹം ബംഗാളി ഭാഷ പഠിച്ചത്. ഹേ റാം എന്ന പടത്തില്‍ റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന് അപര്‍ണ എന്നാണ് പേരിട്ടിരിക്കുന്നത്.

ആ സിനിമയുടെ റൈറ്ററും ഡയറക്ടറും അച്ഛന്‍ തന്നെയാണ്. ഇനി എല്ലാം കണക്ട് ചെയ്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് എല്ലാം മനസിലാകും. സിനിമക്ക് വേണ്ടിയൊന്നുമല്ല അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചത്. മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യാസമായി ബംഗാളി മാത്രം ഹൃദയത്തില്‍ നിന് എഫര്‍ട്ടിട്ട് അച്ഛന്‍ പഠിച്ചെടുത്തു,’ ശ്രുതി ഹാസന്‍ പറഞ്ഞു.

Content Highlight: Shruti Haasan saying Kamal Haasan learned Bengali language to Impress actress Aparna Sen