പഠിത്തം കഴിയാതെ ഫിലിം ഫീൽഡിൽ ഇറങ്ങരുത് എന്നുള്ളത് കൊണ്ട് എം.ബി.ബി.എസ് കഴിഞ്ഞ ശേഷമാണ് അഭിനയത്തിൽ തിരികെ എത്തിയത്: ശ്രദ്ധ ഗോകുൽ
Malayalam Cinema
പഠിത്തം കഴിയാതെ ഫിലിം ഫീൽഡിൽ ഇറങ്ങരുത് എന്നുള്ളത് കൊണ്ട് എം.ബി.ബി.എസ് കഴിഞ്ഞ ശേഷമാണ് അഭിനയത്തിൽ തിരികെ എത്തിയത്: ശ്രദ്ധ ഗോകുൽ
നന്ദന എം.സി
Wednesday, 3rd June 2026, 8:41 am

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളായ ശ്രദ്ധ ഗോകുൽ വീണ്ടും ശ്രദ്ധനേടുകയാണ്. ‘ഹലോ കുട്ടിച്ചാത്തൻ’ എന്ന ജനപ്രിയ ഫാന്റസി പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം, നീണ്ട ഇടവേളയ്ക്ക് ശേഷം ‘ദൃശ്യം 3’യിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പഠനത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് അഭിനയത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ശ്രദ്ധ ഇപ്പോൾ തുറന്നുപറഞ്ഞു.

ശ്രദ്ധ ഗോകുൽ, Photo: YouTube/ Screengrab

വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് താരം സംസാരിച്ചത്. പഠനം പൂർത്തിയാക്കാതെ സിനിമാ മേഖലയിലേക്ക് കടക്കരുതെന്ന ഉപദേശമാണ് തന്റെ ജീവിതത്തിലെ പ്രധാന തീരുമാനത്തിന് പിന്നിലെന്നാണ് ശ്രദ്ധ പറയുന്നത്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയതെന്നും താരം വ്യക്തമാക്കി.

‘ഞാൻ ഒരു ഡോക്ടറാണ്. പഠനം പൂർത്തിയാക്കാതെ സിനിമയിലേക്ക് ഇറങ്ങരുതെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. നടി സീമ മാം ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, പഠനം കഴിഞ്ഞ ശേഷമേ അഭിനയരംഗത്തേക്ക് വരാവൂ എന്ന്.

അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും പോകാം, പക്ഷേ വിദ്യാഭ്യാസം പൂർത്തിയാക്കാതെ അതിലേക്ക് ചാടരുതെന്ന് അവർ ഉപദേശിച്ചിരുന്നു. അതുകൊണ്ടാണ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിയത്. മെഡിസിൻ പഠനം ആയതുകൊണ്ട് സ്വാഭാവികമായും കുറച്ച് വർഷങ്ങളുടെ ഇടവേള ഉണ്ടായി,’ എന്നാണ് ശ്രദ്ധ പറഞ്ഞത്.

ശ്രദ്ധ ഗോകുൽ, Photo: IMDb

ബാലതാരമായി പ്രേക്ഷക മനസിൽ ഇടം നേടിയ ശേഷം അഭിനയത്തിൽ നിന്ന് മാറിനിന്ന ശ്രദ്ധ, പിന്നീട് അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങിവരവ്.

ആദ്യ ചിത്രത്തിലൂടെ തന്നെ സ്വാഭാവിക അഭിനയശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം 3’യുടെ ഭാഗമാകുകയായിരുന്നു.

മോഹൻലാൽ കേന്ദ്രകഥാപാത്രമായ ജോർജ്‌കുട്ടിയായി വീണ്ടും എത്തിയ ‘ദൃശ്യം 3’യിൽ നിരവധി പുതിയ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയിരുന്നു. മുൻ ഭാഗങ്ങളെ അപേക്ഷിച്ച് കഥാപാത്രങ്ങളുടെ വികാരങ്ങൾക്കും കുടുംബബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ആ പുതുമുഖ കഥാപാത്രങ്ങളിൽ ശ്രദ്ധ ഗോകുലിന്റെയും പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Content Highlight: Shraddha Gokul says that she took a gap in her career because she went to study M. B. B. S.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.