എടാ റാസ്‌കലെന്ന് അച്ഛന്‍ വിളിച്ചു, നീ എന്നെയാണോടാ വിളിച്ചതെന്ന് കുഞ്ഞ് തിരിച്ച് ചോദിച്ചു: ഷോബി തിലകന്‍
Entertainment news
എടാ റാസ്‌കലെന്ന് അച്ഛന്‍ വിളിച്ചു, നീ എന്നെയാണോടാ വിളിച്ചതെന്ന് കുഞ്ഞ് തിരിച്ച് ചോദിച്ചു: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 3:21 pm

പ്രായമായി മറ്റുള്ളവരുടെ സഹായമൊക്കെ വേണമെന്ന അവസ്ഥ വന്നപ്പോള്‍ അച്ഛന്‍ വളരെ ശാന്തനായിരുന്നുവെന്ന് നടന്‍ ഷോബി തിലകന്‍. തന്റെ ഒരു വയസുള്ള മകനോടൊക്കെ അദ്ദേഹം സ്‌നേഹത്തോടെ പെരുമാറിയിരുന്നുവെന്നും, കുഞ്ഞിനെ പലകാര്യങ്ങളും പഠിപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നുവെന്നും ഷോബി പറഞ്ഞു. നടന്‍ തിലകന്‍ തന്റെ അവസാനകാലത്ത് എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് ഷോബി തിലകന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പ്രായമായി ഒരാളുടെ ഹെല്‍പ്പൊക്കെ വേണമെന്ന സമയം വന്നപ്പോള്‍ മുതല്‍ പുള്ളി കുറച്ച് ശാന്തനായി തുടങ്ങിയിരുന്നു. അങ്ങനെ അവസാനമായപ്പോള്‍ അച്ഛന്‍ വണ്ടി പോലും ഓടിക്കുന്നില്ലായിരുന്നു. ഞാന്‍ തന്നെയാണ് മിക്കവാറും സ്ഥലങ്ങളിലെല്ലാം അച്ഛനെ കൊണ്ട് പോയിരുന്നത്. അച്ഛന്‍ ഇപ്പോള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ചെറുപ്പ കാലത്ത് നഷ്ടപ്പെട്ട ഓര്‍മകള്‍ തിരികെ കിട്ടുമായിരുന്നു.

എന്റെ മകനന്ന് ഒരു വയസ് പോലുമായിട്ടില്ല. ആ സമയത്ത് അച്ഛന്‍ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഇടക്ക് മോനെയും കൂട്ടി ഞാന്‍ അച്ഛനെ കാണാന്‍ പോവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ അച്ഛന്‍ മുറിയില്‍ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. കുഞ്ഞ് അച്ഛന്റെ അടുത്തുപോയി അദ്ദേഹത്തെ ശല്യം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് പേടിയാണ്. കാരണം ചിലപ്പോല്‍ അച്ഛന് അത് ഇഷ്ടപ്പെടില്ലായിരിക്കും. അതുകൊണ്ട് ഞാന്‍ അവനെ തിരികെ വിളിക്കും. അവനവിടെ നിന്നോട്ടെ നിനക്കെന്താ അതിനെന്ന് അച്ഛന്‍ എന്നോട് തിരിച്ച് ചോദിക്കും.

പിന്നെ ഞാന്‍ അവിടെ നിന്നും പോരും. കുറേ കഴിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ പുള്ളിക്കാരന്‍ അവനെ ഓരോന്ന് പഠിപ്പിക്കുകയാണ്. വേസ്റ്റ്, വേസ്റ്റ് പാത്രത്തില്‍ ഇടണമെന്നൊക്കെയാണ് പഠിപ്പിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്റെ ചെരുപ്പ് തന്നെയെടുത്ത് വേസ്റ്റ് ബാസ്‌ക്കറ്റിലിട്ടു. എടാ റാസ്‌ക്കലെന്ന് അച്ഛന്‍ അവനെ വിളിച്ചു. ഉടനെ തന്നെ നീ എന്നെ ആണോടാ റാസ്‌ക്കല്‍ എന്ന് വിളിച്ചതെന്ന് അവനും തിരിച്ച് ചോദിച്ചു. അങ്ങനെയൊരു ഇന്റിമസിയായിരുന്നു അവര്‍ തമ്മില്‍,’ ഷോബി തിലകന്‍ പറഞ്ഞു.

അതേസമയം പുതിയ തലമുറ മതാപിതാക്കളോട് കാണിക്കുന്ന അവഗണനയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അച്ഛനെയും അമ്മയേയും പ്രതിസ്ഥാനത്ത് നിര്‍ത്തി നമ്മുടെ നാട്ടില്‍ പല പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നും, അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഷോബി തിലകന്‍ പറഞ്ഞു.

‘ഓരോരോ കാര്യങ്ങള്‍ കാണുമ്പോള്‍ വിഷമമുണ്ട്. അച്ഛനെയും അമ്മയേയും പ്രതിസ്ഥാനത്ത് നിര്‍ത്തി ഇപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വേദന മക്കള്‍ മനസ്സിലാക്കുന്നില്ല. അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞാനൊക്കെ തളര്‍ന്ന് പോകുന്നത് അവിടെയാണ്. ജനിപ്പിച്ച് ഓരോ ദിവസവും കൈ വളരുമോ കാല്‍ വളരുമോയെന്ന് നോക്കി 25 വയസ്സ് വരെ വളര്‍ത്തി, വേറെയൊരാളുടെ കൂടെ ഇറങ്ങിപ്പോവുകയോ കൈപിടിച്ച് കൊടുത്ത ശേഷം നമ്മളെ തള്ളിപ്പറയുകയോ ചെയ്യുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാന്‍ പറ്റില്ല,’ ഷോബി തിലകന്‍ പറഞ്ഞു.

content highlight: shobi thilakan talks about his father thilakan