എന്റെ കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചേട്ടന്‍ ഇങ്ങനെ മറുപടി പറയും; വിവാഹത്തെ കുറിച്ച് അനുശ്രീ
Entertainment news
എന്റെ കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചേട്ടന്‍ ഇങ്ങനെ മറുപടി പറയും; വിവാഹത്തെ കുറിച്ച് അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 12:27 pm

കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് പലരും തന്നെ ഉപദേശിക്കാറുണ്ടെന്ന് നടി അനുശ്രി. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ മറുപടി പറയുന്നത് തന്റെ സഹോദരനാണെന്ന് താരം പറഞ്ഞു. ഇവളെ ഇവിടെ തന്നെ നിര്‍ത്തുന്നതാണ് നല്ലതെന്നും, വേറെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും സഹോദരന്‍ പറഞ്ഞുവെന്നും അനുശ്രീ പറഞ്ഞു.

വേറെ ആര്‍ക്കും ഇത്രയും സപ്പോര്‍ട്ടീവായ സഹോദരനെ കിട്ടില്ലെന്നും പറഞ്ഞു. കല്ല്യാണം കഴിച്ചില്ലെങ്കില്‍ പിന്നീട് ഒറ്റപ്പെട്ട് പോകുമെന്ന് ഇടക്കൊക്കെ തോന്നാറുണ്ടെന്നും, അപ്പോള്‍ തന്റെ സര്‍ക്കിളിലുള്ളവരെ വിളിക്കുമെന്നും അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അനുശ്രീ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പലരും കല്യാണം കഴിക്കുന്നില്ലേ എന്നൊക്കെ ചോദിച്ച് ഉപദേശവുമായി വരാറുണ്ട്. അപ്പോള്‍ ഇല്ലായെന്നൊക്കെ പറഞ്ഞ് ഞാനിങ്ങനെ ഒഴിവാക്കി വിടാന്‍ ശ്രമിക്കും. അപ്പോള്‍ എന്റെ ആങ്ങള വന്നിട്ട് പറയും അയ്യോ വേണ്ട ഇവളെ ആര്‍ക്കും സഹിക്കാനൊന്നും പറ്റില്ലായെന്ന്. ഇവള്‍ ഇവിടെ തന്നെ ഇരിക്കുന്നതായിരിക്കും നല്ലത് എന്നൊക്കെ പറയും.

അപ്പോള്‍ ഞാന്‍ പറയും നീയാടാ എന്റെ മുതലെന്ന്. കാരണം ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന ആങ്ങള വേറെ ആര്‍ക്കും ഉണ്ടാകില്ലല്ലോ. പിന്നെ പലയിടത്ത് നിന്നും ഇങ്ങനെ ഉപദേശമൊക്കെ കേട്ട് കഴിയുമ്പോള്‍ ഇവര്‍ പറയും, കുറച്ച് കാലം കഴിയുമ്പോള്‍ പ്രായമൊക്കെ ആകും പിന്നെ ഒറ്റപ്പെട്ട് പോകുമെന്ന്. അങ്ങനെയൊക്കെ പറഞ്ഞ് വരുമ്പോള്‍ ഞാന്‍ പറയും അങ്ങനെയൊരു പേടിയേ എനിക്കില്ലായെന്ന്.

ഇനി എങ്ങാനും അങ്ങനെയൊരു പേടി വന്നാല്‍ എന്റെ സര്‍ക്കിളില്‍ ആര്‍ക്കെങ്കിലും ഒരു മെസേജ് അയച്ചാല്‍ മതി. ഞാന്‍ എങ്ങാനും ഒറ്റപ്പെട്ട് പോകുമോയെന്ന്. അപ്പോള്‍ തന്നെ മറുപടി വരും ആരൊക്കെ ഒറ്റപ്പെട്ട് പോയാലും നീ ഒരിക്കലും അങ്ങനെയാവില്ലായെന്ന്. ഇത്രയും പേരില്ലേ ആരെങ്കിലും നിന്നെ നോക്കിക്കൊള്ളുമെന്നും പറയും.

കൂട്ടുകാരായി നിലനില്‍ക്കാന്‍ കഴിയുന്ന ബന്ധങ്ങളുണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല കാര്യമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ആണ് നീ പെണ്ണ്, ഞാന്‍ കാമുകി നീ കാമുകന്‍ ഇങ്ങനത്തെ സാധനങ്ങളൊന്നും പ്രണയത്തില്‍ പാടില്ല. കാരണം സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ഒരാളാണ് ഞാന്‍. എന്റെ അത്തരം സൗഹൃദങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ആളായിരിക്കണം എന്റെ കാമുകന്‍.

പ്രണയമെന്ന് പറയുന്ന വികാരത്തില്‍ പരസ്പരമുള്ള ബഹുമാനം ആവശ്യമാണ്. ഇയാള്‍ പ്രശ്‌നമാക്കുമോ എന്ന ചിന്തയിലൂടെയല്ല ബന്ധങ്ങള്‍ മുമ്പോട്ട് പോകേണ്ടത്. ഈ ആള്‍ മാത്രമേ എനിക്ക് ശരിയാകുകയുള്ളു എന്നൊരു സാധനമാണ് അവിടെ വര്‍ക്ക് ചെയ്യേണ്ടത്,’ അനുശ്രി പറഞ്ഞു.

CONTENT HIGHLIGHT: ACTRESS ANUSREE TALKS ABOUT HER MARRIAGE