ആ സിനിമ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്ത കഥാപാത്രത്തിന് ബിജു മേനോന്റെ ശബ്ദം; ബാക്കി പൈസ പോലും തന്നില്ല: ഷോബി തിലകന്‍
Entertainment news
ആ സിനിമ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്ത കഥാപാത്രത്തിന് ബിജു മേനോന്റെ ശബ്ദം; ബാക്കി പൈസ പോലും തന്നില്ല: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 9:53 am

സിനിമാ- സീരിയല്‍ നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഒരുപോലെ കഴിവ് തെളിയിച്ച കലാകാരനാണ് ഷോബി തിലകന്‍.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട്, തിയേറ്ററിലെത്തിയപ്പോള്‍ തന്റെ ശബ്ദം ഇല്ലാതിരുന്നതിന്റെ അനുഭവം പറയുകയാണ് ജിന്‍ജര്‍ മീഡിയ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷോബി തിലകന്‍.

”മകരമഞ്ഞ് എന്ന സിനിമ, സന്തോഷ് ശിവനായിരുന്നു അതില്‍ നായകന്‍. ഞാനായിരുന്നു സന്തോഷ് ശിവന് വേണ്ടി ഫുള്‍ പടം ഡബ്ബ് ചെയ്തത്.

പടം ഡബ്ബ് ചെയ്ത് ക്ലൈമാക്‌സ് ആയപ്പോള്‍ലെനിന്‍ സാര്‍ (ലെനിന്‍ രാജേന്ദ്രന്‍) വന്നിട്ട്, ഷോബീ ഞാന്‍ ഹാര്‍ഡ് ഡിസ്‌ക് എടുത്തില്ല മറന്നുപോയി. ഒരു കാര്യം ചെയ്യാം, എനിക്ക് കുറച്ച് വര്‍ക്ക് കൂടെയുണ്ട്. അത് കഴിഞ്ഞിട്ട് ക്ലൈമാക്‌സ് നമുക്ക് പിന്നീട് ചെയ്യാം, എന്ന് പറഞ്ഞു.

ടോക്കണ്‍ പോലെ എനിക്ക് കുറച്ച് കാശും തന്നു. പിന്നെ ഒരു വിവരവും ഉണ്ടായില്ല. പിന്നെ നോക്കിയപ്പോള്‍ പടം റിലീസ് ആയി.

ഞാന്‍ തിയേറ്ററില്‍ പോയി പടം കണ്ടില്ല. പക്ഷെ, പിന്നീട് കണ്ടപ്പോള്‍, സന്തോഷ് ശിവന് വേണ്ടി അതില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ബിജു മേനോനാണ്.

പുള്ളിക്ക് എന്റെ വോയിസ് ഇഷ്ടപ്പെട്ട് കാണില്ല. എവിടെയും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരിക്കും, അതുകൊണ്ട് ബിജു മേനോനെ കൊണ്ട് ചെയ്യിച്ചതായിരിക്കും, എന്ന് വിചാരിച്ച് ഞാനത് കളഞ്ഞു. ബാക്കി പൈസയും എനിക്ക് തന്നിട്ടില്ല. അതും ഞാന്‍ വിട്ടു.

പക്ഷെ, പിന്നീട് ഒരു ദിവസം ടി.വിയില്‍ ഈ പടം വന്നപ്പോള്‍ ഞാന്‍ കണ്ടു. അപ്പോളഴാണ് മനസിലായത് സിനിമയില്‍ ചില സ്ഥലത്ത് എന്റെ വോയിസാണ്. സന്തോഷ് ശിവന്റെ ചില സീനില്‍ എന്റെ വോയിസ്, ചില സീനില്‍ ബിജു മേനോന്റെ വോയിസ്.

മിക്‌സ് ചെയ്ത് വെച്ചിരിക്കയാണ്. എനിക്കൊന്നും മനസിലായില്ല. ഞാന്‍ പക്ഷെ ഒന്നും ചോദിച്ചില്ല.

കാരണം, ഒരു കഥാപാത്രം എപ്പോഴും സിനിമയുടെ സംവിധായകന്റെ കാഴ്ചപ്പാടാണ്. അദ്ദേഹമാണ് ഇതിന്റെ അവസാന വാക്ക്. അദ്ദേഹത്തിന് ആ സീനില്‍ അത് മതി എങ്കില്‍ പുള്ളി അത് വെച്ചു,” ഷോബി തിലകന്‍ പറഞ്ഞു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് 2011ലായിരുന്നു റിലീസ് ചെയ്തത്. ചിത്രകാരന്‍ രാജാ രവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സിനിമ.

Content Highlight: Shobi Thilakan on his dubbing experience in Lenin Rajendran movie Makaramanju, Biju Menon dubbed, he didn’t get full payment