ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ശോഭന. പതിനാലാം വയസില്‍ സിനിമയില്‍ അരങ്ങേറിയ താരം നീണ്ട നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ സ്ഥിര സാന്നിദ്ധ്യമാണ്.
സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ശോഭനയുടെ മടങ്ങിവരവായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദ്യ കാലങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, മമ്മൂട്ടി തുടങ്ങിയവരുടെ മക്കളുടെ കൂടെ വീണ്ടും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശോഭന.
‘സത്യന്‍ സാറിന്റെ മകന്‍ അനൂപാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ സംവിധാനം ചെയ്തത്. ഒപ്പം അഭിനയിച്ചത് കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും. മുമ്പ് അഭിനയിച്ചിരുന്നപ്പോള്‍ സത്യന്‍ സാര്‍ എന്താണോ ആവശ്യപ്പെടുന്നത്, അത് കേള്‍ക്കും. ഇങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം ഒരു സിനിമയുടെ പുറകെ നടക്കുന്നയാളിന് അറിയാമല്ലോ, എന്താണ് വേണ്ടതെന്ന്.
അതുപോലെ അനൂപിനെയും കൂടുതല്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ല. അനൂപ് ഇങ്ങോട്ടുവന്ന് ചോദിക്കും, ‘മാം, എന്ത് പറയുന്നു’ എന്ന്. ‘എന്താണ് പറയേണ്ടത്? നിങ്ങളുടെ പടമല്ലേ നിങ്ങള്‍ക്കറിയാം എന്തുവേണമെന്ന്. എന്തെങ്കിലുമുണ്ടെങ്കില്‍ പറയാമെന്ന് ഞാന്‍ മറുപടിയും പറയും.
ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്ത ആളാണ് മമ്മൂക്ക. ദുല്‍ഖറും ഏകദേശം അങ്ങനെ തന്നെ. ഞങ്ങള്‍ രണ്ടുപേരും ചെന്നൈയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്.
ആ സ്‌കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. ഒരു കോ-ആക്ടര്‍ എന്നതിനേക്കാള്‍ ഒരേ സ്‌കൂളില്‍ പഠിച്ചവര്‍ എന്ന ബന്ധമായിരുന്നു ദുല്‍ഖറുമായിട്ട്. കല്യാണി നല്ലൊരു അഭിനേത്രിയാണ്,’ ശോഭന പറയുന്നു.