പുള്ളി വരില്ല നമുക്ക് ബാക്കപ്പ് ഷോട്ടെടുക്കാം എന്ന് പറഞ്ഞു; പിറ്റേന്ന് പുലര്‍ച്ചെ മല കയറുമ്പോള് അവിടെ സിഗരറ്റിന്റെ വെളിച്ചം; താരത്തെ കുറിച്ച് ശോഭന
Entertainment news
പുള്ളി വരില്ല നമുക്ക് ബാക്കപ്പ് ഷോട്ടെടുക്കാം എന്ന് പറഞ്ഞു; പിറ്റേന്ന് പുലര്‍ച്ചെ മല കയറുമ്പോള് അവിടെ സിഗരറ്റിന്റെ വെളിച്ചം; താരത്തെ കുറിച്ച് ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 11:11 am

ദളപതി എന്ന ഒരൊറ്റ മണി രത്‌നം ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ക്ലാസിക് റൊമാന്റിക് താരജോഡിയായി മാറിയവരാണ് ശോഭനയും രജനീകാന്തും. രജനീകാന്തിനെ കുറിച്ചും അദ്ദേഹത്തിന്റെ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചും ശോഭന പറയുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ രജനീകാന്തിനെ കുറിച്ച് ശോഭന സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് ആരാധകര്‍ പ്രചരിപ്പിക്കുന്നത്.

രജനീകാന്ത് രാവിലെ നേരത്തെ സെറ്റിലെത്തില്ല എന്ന് സെറ്റിലെ എല്ലാവരും പറഞ്ഞെന്നും എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ഷൂട്ടിന് വേണ്ടി എത്തിയപ്പോള്‍ അവിടെ ആദ്യം എത്തിയിരുന്നത് അദ്ദേഹമായിരുന്നു എന്നുമാണ് ശോഭന പറയുന്നത്.

”രജനി സാര്‍ രാവിലെയൊന്നും സെറ്റില്‍ വരില്ല. അദ്ദേഹം ഒരു പീക്കില്‍ ആണ്. സൂപ്പര്‍മാന്‍ പോലെ ഒരു സാധനം. ഇപ്പോഴും അങ്ങനെയാണ്.

ആ സമയത്ത് എല്ലാം രാവിലെ നേരത്തെയുള്ള കോള്‍ഷീറ്റുകളായിരുന്നു. മണിരത്‌നം സാര്‍ ഫോട്ടോഗ്രഫിയില്‍ വളരെ കര്‍ക്കശമായിരുന്നു. രജനി സാര്‍ രാവിലെത്തന്നെ ഷൂട്ടിനൊന്നും വരില്ല എന്ന് അപ്പൊ എല്ലാവരും പറഞ്ഞു.

പുലര്‍ച്ചെ നാല് മണിക്കൊന്നും രജനി സാര്‍ വരില്ല, നമ്മള്‍ രാവിലെയൊന്നും എണീറ്റ് പോയിട്ട് കാര്യമില്ല, എന്ന് പറഞ്ഞു. അപ്പോള്‍ രജനി സാറും വന്ന് സംവിധായകനോട് പറഞ്ഞു, ‘സാര്‍ എന്താണിത്, നാല് മണി എന്നൊക്കെ പറഞ്ഞ് കഷ്ടപ്പെടുത്തുന്നു’ എന്ന്. 300 പേര്‍ക്ക് വരുന്നുണ്ടെങ്കില്‍ 301ാമത്തെ ആള്‍ക്കും ഈ സമയത്ത് ഷൂട്ടിന് വരാം എന്ന് മണിരത്‌നം സാര്‍ പറഞ്ഞു.

പക്ഷെ വേണ്ട സാര്‍, അത് വേസ്റ്റാണ് എന്ന് യൂണിറ്റിലെ എല്ലാവരും മണി സാറോട് പറഞ്ഞു. നമുക്ക് ബാക്കപ്പ് ഷോട്ട് എടുക്കാം എന്നും പറഞ്ഞു. ബാക്കപ്പ് എന്നുദ്ദേശിച്ചത് ഞങ്ങളുടെയൊക്കെ ഷോട്ടാണ്.

പിറ്റേന്ന് പുലര്‍ച്ചെക്ക് ഞങ്ങള്‍ പോയി. മൂന്ന് നാല് മണിക്ക് ഞങ്ങള്‍ക്ക് ഒരു മല കയറണമായിരുന്നു. ആരും ഉണ്ടായിരുന്നില്ല അവിടെ, ജസ്റ്റ് ഒരു യൂണിറ്റ് മാന്‍ മാത്രം. കയറിപ്പോയപ്പോള്‍ അവിടെ സിഗരറ്റിന്റെ ഒരു ചെറിയ ലൈറ്റ് കണ്ടു. അവിടെ ഒരു മനുഷ്യന്‍ ഇരുന്നുകൊണ്ട് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു.

അന്ന് അവിടെ ആ മലകയറി എത്തിയ ആദ്യത്തെയാള്‍ പുള്ളിയായിരുന്നു. ഞാന്‍ വരില്ല എന്ന് വിചാരിച്ചു അല്ല, ഞാന്‍ വന്നില്ലേ, മേക്കപ്പൊന്നും വേണ്ട എടുക്കാം എന്ന് അദ്ദേഹം മണി സാറോട് പറഞ്ഞു,” ശോഭന വീഡിയോയില്‍ പറയുന്നു.

Content Highlight: Shobana talks about Rajinikanth during Thalapathi movie shoot