പത്ത് വര്‍ഷം നീണ്ട റിലേഷന്‍ഷിപ്പായിരുന്നു അത്, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക എന്നത് ഇന്നത്തെ ജനറേഷനിലില്ല: ലിയോണ ലിഷോയ്
Entertainment news
പത്ത് വര്‍ഷം നീണ്ട റിലേഷന്‍ഷിപ്പായിരുന്നു അത്, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക എന്നത് ഇന്നത്തെ ജനറേഷനിലില്ല: ലിയോണ ലിഷോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 10:02 am

ഇഷ്ഖ്, ട്വല്‍ത് മാന്‍, ആന്‍മരിയ കലിപ്പിലാണ്, 21 ഗ്രാംസ്, മറഡോണ, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങി ഒരുപിടി ചിത്രങ്ങളിലെ ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലിയോണ ലിഷോയ്. നടന്‍ ലിഷോയിയുടെ മകള്‍ കൂടിയാണ് താരം.

റിലേഷന്‍ഷിപ്പുകളെ കുറിച്ചും അവയെ പറ്റി പാരന്റ്‌സുമായി സംസാരിക്കുന്നതിനെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് ഇപ്പോള്‍ ലിയോണ.

മഴവില്‍ മനോരമ ചാനലിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. നടന്‍ ലിഷോയിയും പരിപാടിയില്‍ ഒപ്പമുണ്ടായിരുന്നു.

”റിലേഷന്‍ഷിപ്പിനെ കുറിച്ച് അച്ഛന്റെ മുന്നില്‍ വെച്ച് പറയാനും എനിക്ക് മടിയൊന്നുമില്ല. സ്‌കൂള്‍ കോളേജ് സമയത്തൊക്കെ ഇത് പറയാന്‍ ഭയങ്കര പേടിയായിരുന്നു. കുറേ പ്രാവശ്യം ഞാന്‍ നുണ പറഞ്ഞിട്ടുണ്ട്. അമ്മ പക്ഷെ അപ്പൊത്തന്നെ പിടിക്കും.

അച്ഛന്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല, അച്ഛന് ഇതൊന്നും അറിയില്ലായിരുന്നു. അച്ഛന്റെ ഫോണില്‍ നിന്ന് ഒരു പ്രാവശ്യം കുറേ ഇന്റര്‍നാഷണല്‍ കോള്‍ വിളിച്ചിട്ട് ബില്‍ കൂട്ടി വെച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അച്ഛന്‍ കാര്യം അറിഞ്ഞത്.

ഒരു ഇന്റര്‍നാഷണല്‍ ബോയ്ഫ്രണ്ടുണ്ടായിരുന്നു. മലയാളി തന്നെയായ എന്‍.ആര്‍.ഐ (ചിരി). പക്ഷെ അത് ബ്രേക്കപ്പായി. അതും അച്ഛനറിയാം, അതിന്റെ വിഷമങ്ങളും കണ്ടിട്ടുണ്ട്.

പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന റിലേഷന്‍ഷിപ്പായിരുന്നു അത്. കോളേജ് കാലത്ത് തുടങ്ങിയതായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന ബന്ധമായിരുന്നു, എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെയായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ബന്ധപ്പെടാറുണ്ട്. എന്നെ വളരെ നന്നായി അറിയാവുന്ന കുറച്ച് പേരില്‍ ഒരാളാണ് പുള്ളി.

ബന്ധം തകര്‍ന്നതിന് പല കാരണങ്ങളുമുണ്ടാകും. രണ്ട് പേര്‍ക്കും ഒരുപോലെ എഫേര്‍ട്ട് എടുക്കാന്‍ തോന്നണം. അത് പറ്റില്ലെങ്കില്‍ ശരിയാകില്ല. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക എന്നുള്ളത് കഴിഞ്ഞ ജനറേഷനോട് കൂടി കഴിഞ്ഞു. നമ്മളെന്തിനാണ് അങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

എനിക്ക് എപ്പോഴും ഞാനായി തന്നെ ഇരിക്കണം, എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണം. എന്റെ പാര്‍ട്ണറിനെയും അങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റണം. അത് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അത് തുടരാതിരിക്കുന്നതാണ് നല്ലത്,” ലിയോണ ലിഷോയ് പറഞ്ഞു.

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരമാണ് ലിയോണയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. ജിന്ന്, ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം റാം എന്നിവയാണ് റിലീസിനൊരുങ്ങി നില്‍ക്കുന്നവ.

Content Highlight: Actress Leona Lishoy talks about her relationship and break up