മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് ശോഭന. 1984ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18‘ എന്ന ചിത്രത്തിലൂടെയാണ് ശോഭന നായികയായി അരങ്ങേറ്റം കുറിച്ചത്. ഏകദേശം 230ല്‍ അധികം സിനിമകളില്‍ അവര്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിലായി മികച്ച അഭിനേതാക്കളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ കെ.പി.എ.സി ലളിത തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ശോഭന പറയുന്നു. കെ.പി.എ.സി ലളിത വിടപറഞ്ഞപ്പോള്‍ വലിയ പ്രയാസം തോന്നിയെന്നും നടി പറഞ്ഞു. നെടുമുടി വേണുവും തിലകനുമെല്ലാം തനിക്ക് അധ്യാപകരായിരുന്നുവെന്നും ശോഭന പറഞ്ഞു.
‘ഒരാള്‍ മരിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അവരെകുറിച്ചുള്ള ഓര്‍മകള്‍ എഴുതി അടുത്ത സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്നതു കാണാം. ഞാനുമങ്ങനെ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കാന്‍ പാടില്ല. കെ.പി.എ.സി ലളിത ചേച്ചി പെട്ടെന്നു പോയി. ലളിത ചേച്ചി എന്റെ സുഹൃത്താണ്. വാട്‌സാപ്പില്‍ ഞങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നു. ‘ശോഭൂ…’ എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും വരും. അവസാനം ‘വരനെ ആവശ്യമുണ്ട്‘ എന്ന സിനിമയിലും ഒരുമിച്ചഭിനയിച്ചു.
പുതിയ ടെക്‌നോളജിക്ക് മുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കുമ്പോള്‍ ചേച്ചി അനായാസമായി അഭിനയിച്ച് പോകുന്നു. ഞാന്‍ സംശയം ചോദിച്ചു. ‘അതങ്ങ് വരും ശോഭൂ…’ എന്നായിരുന്നു ചേച്ചിയുടെ മറുപടി. ആ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. വേണുച്ചേട്ടന്‍, തിലകന്‍ചേട്ടന്‍ ഇവരൊക്കെ എന്റെ അധ്യാപകരായിരുന്നു,’ ശോഭന പറയുന്നു.