അന്ന് ഒന്നുരണ്ട് ഹീറോസുണ്ടാകും; അത് മലയാള സിനിമയുടെ ഗോള്‍ഡന്‍ പിരീഡ്: ശോഭന
Entertainment
അന്ന് ഒന്നുരണ്ട് ഹീറോസുണ്ടാകും; അത് മലയാള സിനിമയുടെ ഗോള്‍ഡന്‍ പിരീഡ്: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 7:43 pm

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികനടിമാരില്‍ ഒരാളാണ് ശോഭന. അഭിനയത്തിന് പുറമെ ഡാന്‍സിലും തന്റെ കഴിവ് തെളിയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. മലയാള സിനിമക്ക് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ നടിക്ക് സാധിച്ചിരുന്നു. പണ്ട് ഒരു വര്‍ഷം തന്നെ 22 സിനിമകളൊക്കെയായിരുന്നു ശോഭന ചെയ്തിരുന്നത്. ഇപ്പോള്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ ഗോള്‍ഡന്‍ പിരീഡിനെ കുറിച്ച് പറയുകയാണ് നടി.

‘ഒരു വര്‍ഷം 22 സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സാങ്കേതികത കൂടിയത് കൊണ്ട് ഒരുപാട് സമയമെടുക്കും. മുമ്പ് അതൊന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ പ്രധാനമായും നോക്കേണ്ടിയിരുന്നത് ഇമോഷന്‍സും സ്‌ക്രിപ്റ്റും ആയിരുന്നു.

പണ്ട് സിനിമയില്‍ ഒന്നുരണ്ട് ഹീറോസ് ഉണ്ടാകുമായിരുന്നു. അതില്‍ ഒരാള്‍ സംവിധായകനാണ്. മറ്റൊന്ന് സ്‌ക്രിപ്റ്റാണ്. അതിനുശേഷമാണ് അഭിനേതാക്കളും മറ്റുള്ളവരുമൊക്കെ വരുന്നത്. അത് സത്യത്തില്‍ മലയാള സിനിമയുടെ ഗോള്‍ഡന്‍ പിരീഡായിരുന്നു.

ആ പിരീഡില്‍ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റിയെന്നത് എന്റെ ഭാഗ്യമാണ്. അന്ന് ഷൂട്ടിങ്ങൊക്കെ പെട്ടെന്ന് കഴിയുമായിരുന്നു. 22 ദിവസം കൊണ്ട് ഒരു സിനിമയുടെ ഷൂട്ടിങ് അവസാനിക്കും. എന്നിട്ട് ഒരു ദിവസം വീട്ടിലേക്ക് പോയി അമ്മയെയും അച്ഛനെയും കാണും.

പിന്നെ തിരിച്ച് അടുത്ത ലൊക്കേഷനിലേക്ക് പോകും. അവിടെ മമ്മൂക്കയാകും ഉണ്ടാകുക. അവിടുന്ന് ഷൂട്ടിങ് കഴിഞ്ഞാല്‍ വീണ്ടും വീട്ടിലേക്ക് പോകും. ചിലപ്പോള്‍ അടുത്തതായി പോകുന്ന ലൊക്കേഷനിലും മമ്മൂക്ക തന്നെയാകും കൂടെ ഉണ്ടാകുക.

അടുത്തതില്‍ ലാല്‍ ആയിരിക്കും കൂടെ അഭിനയിക്കുന്നത്. പിന്നീട് വരുന്ന സിനിമയിലും നായകന്‍ ലാല്‍ തന്നെയാകും. പിന്നെ മാറി മാറി ഓരോരുത്തരുടെയും കൂടെ അഭിനയിക്കും. അതുകൊണ്ട് അന്നൊക്കെ ഞങ്ങള്‍ ഒരു കുടുംബം പോലെയായിരുന്നു,’ ശോഭന പറയുന്നു.


Content Highlight: Shobana Talks About Golden Period Of Malayalam Cinema