ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരപന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശകനായി ശിവസേന നേതാവ്
national news
ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരപന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശകനായി ശിവസേന നേതാവ്
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 6:10 pm

ഹൈദരബാദ്: ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ റാവത്ത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരപന്തലിലെത്തിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരസമരത്തിന് പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു.

“ധര്‍മ്മ പോരാട്ട ദീക്ഷ” എന്നാണു സമരത്തിന് ചന്ദ്രബാബു പേര് നല്‍കിയിരിക്കുന്നത്. സമരത്തില്‍ ആന്ധ്രാ മന്ത്രിസഭയിലെ മന്ത്രിമാരും, എം.എല്‍.എമാരും തെലുഗു ദേശം പാര്‍ട്ടിയുടെ എം.പിമാരും പങ്കെടുക്കുന്നുണ്ട്.

ALSO READ: അനീതിക്കെതിരെ പോരാടാനാണ് പ്രിയങ്കയേയും സിന്ധ്യയേയും ഉത്തര്‍പ്രദേശില്‍ നിയമിച്ചത്: രാഹുല്‍ ഗാന്ധി

2014ല്‍ ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകൃതമായതോടെ ആന്ധ്രയ്ക്ക് തലസ്ഥാനമായിരുന്ന ഹൈദരാബാദ് നഷ്ടപെട്ടിരുന്നു. പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം ടി.ഡി.പിയെ ബി.ജെ.പിയോടടുപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ ടി.ഡി.പി, ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

WATCH THIS VIDEO: