'ഒരുപക്ഷേ അത് കുട്ടിയുടെ അറിവില്ലായ്മയായിരിക്കാം'; ബാര്‍ വിവാദത്തില്‍ സ്മൃതി ഇറാനിയുടെ മകളെ പിന്തുണച്ച് ശിവസേന എം.പി
national news
'ഒരുപക്ഷേ അത് കുട്ടിയുടെ അറിവില്ലായ്മയായിരിക്കാം'; ബാര്‍ വിവാദത്തില്‍ സ്മൃതി ഇറാനിയുടെ മകളെ പിന്തുണച്ച് ശിവസേന എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 7:55 am

ന്യൂദല്‍ഹി: ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങളില്‍ പെട്ടിരിക്കെ കാബിനറ്റ് മന്ത്രി സ്മൃതി ഇറാനിക്കും മകള്‍ക്കും പിന്തുണയുമായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ഇന്ത്യയില്‍ റസ്റ്റോറന്റ് നടത്താനുള്ള ലൈസന്‍സ് എങ്ങനെയാണെന്നും എന്ത് ശിക്ഷയാണ് ലഭിക്കുകയെന്നും 18 വയസുള്ള കുട്ടിക്ക് അറിയില്ലായിരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാഷ്ട്രീയം മാറ്റിനിര്‍ത്തിയാണ് സംസാരിക്കുന്നതെന്നും താനും 19വയസുള്ള കുട്ടിയുടെ അമ്മയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരമായിരിക്കാം സ്മൃതി ഇറാനിയുടെ മകളെ സംബന്ധിച്ച് ബാര്‍ നടത്തിപ്പ്. അവര്‍ തെറ്റായിരിക്കാം ചെയ്തതെന്നും 18 വയസ് മാത്രം പ്രായമുള്ള കുട്ടിയെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ലൈസന്‍സ് നേടുന്നത് തന്നെയാണ് 18 വയസുള്ള ഒരാള്‍ക്ക് നേരിടാവുന്ന ശിക്ഷ. ഒരു പെണ്‍കുട്ടി അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം നടത്തി. ഒരുപക്ഷേ തെറ്റായിരിക്കാം.

അവരോട് ക്രൂരമായി പ്രതികരിക്കാതിരിക്കുക.

രാഷ്ട്രീയം മാറ്റിനിര്‍ത്തി 19 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്,’ പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഒരു സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണെങ്കില്‍ അറിവില്ലായമയാണെന്ന വാദം ശരിവെക്കാമായിരുന്നുവെന്നും എന്നാല്‍ മന്ത്രിയുടെ മകള്‍ തന്നെ നിയമങ്ങള്‍ അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും പലരും പ്രതികരിച്ചു.

തനിക്കെതിരെ കേസുകള്‍ ഒന്നും വരില്ലെന്ന ധൈര്യമാണ് സ്മൃതി ഇറാനിയുടെ മകളെ മുന്നോട്ടു നയിച്ചതെന്നും, കേസ് വന്നാലും കേന്ദ്ര മന്ത്രിയുടെ മകള്‍ എന്ന പദവി കേസില്‍ നിന്ന് രക്ഷപ്പെടുത്തിയേക്കാമെന്ന ചിന്തയാണ് വിനയായതെന്നും ട്വിറ്ററില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

തന്റെ മകളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പവന്‍ ഖേര, ജയ്‌റാം രമേഷ്, നെട്ട ഡിസൂസ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്.

മകള്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നോട്ടിസില്‍ സ്മൃതി ആവശ്യപ്പെട്ടു. മന്ത്രി എന്നനിലയിലും പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിലും തന്റെ സല്‍പ്പേരിനെ വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി ആരോപിച്ചു.

അതേസമയം മകള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സമൃതി ഇറാനി തള്ളിയിരുന്നു. മകള്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണെന്നും ബാറൊന്നും നടത്തുന്നില്ലെന്നുമായിരുന്നു സമൃതി ഇറാനിയുടെ പ്രതികരണം.

സോണിയയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അവളുടെ അമ്മ വാര്‍ത്താസമ്മേളനം നടത്തിയതാണ് തന്റെ മകള്‍ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂയെന്നും സ്മൃതി ഇറാനി പറഞ്ഞു.

ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ ഗോവയില്‍ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരെ ആരോപണം ഉയര്‍ന്നത്.

വടക്കന്‍ ഗോവയില്‍ സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കി നല്‍കിയതെന്നുമായിരുന്നു ആരോപണം.

ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും വിവരാവകാശ പ്രവര്‍ത്തകനായ ഐറിസ് റോഡ്രിഗസ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Shivasena MP priyanka chaturvedi tweets supporting smriti irani and daughter over bar row