സൈനികന്റെ ശരീരം... ഹീറോയുടെ ഹൃദയം; ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്
Entertainment
സൈനികന്റെ ശരീരം... ഹീറോയുടെ ഹൃദയം; ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 6:07 pm

എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില്‍ ഒരാളാണ്. അടുത്തിടെ റിലീസായ താരത്തിന്റെ അയലാന്‍ എന്ന സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ്കമല്‍ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

താരത്തിന്റെ 21ാം ചിത്രമാണിത്. എസ്.കെ. 21 എന്ന് തത്കാലത്തേക്ക് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ശിവ എത്തുന്നത്. ചിത്രത്തിന് വേണ്ടി താരം നടത്തുന്ന വര്‍ക്ക് ഔട്ടിന്റെ വീഡിയോ രാജ്കമല്‍ ഫിലിംസ് പുറത്തുവിട്ടു. സൈനികന്റെ ശരീരം, നായകന്റെ ഹൃദയം എന്ന ടാഗ്‌ലൈനോടുകൂടിയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഫെബ്രുവരി 16ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

രംഗൂണ്‍ എന്ന സിനിമക്ക് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഉറി, ഷേര്‍ഷാ എന്നീ സിനിമകള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കിയ സ്റ്റെഫാന്‍ റിച്ചറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ മികച്ച സിനിമയാകും എസ്.കെ.21 എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Shivakarthikeyan new movie update out