ഫോട്ടോ ഷൂട്ടൊന്നും ഇല്ലാത്ത കാലത്ത് ഞങ്ങളെ ഫോട്ടോയെടുക്കാന്‍ വിളിച്ചുകൊണ്ടിരുന്നയാളാണ് സൗബിന്‍; ഷൈന്‍ ടോം ചാക്കോ പറയുന്നു
Entertainment news
ഫോട്ടോ ഷൂട്ടൊന്നും ഇല്ലാത്ത കാലത്ത് ഞങ്ങളെ ഫോട്ടോയെടുക്കാന്‍ വിളിച്ചുകൊണ്ടിരുന്നയാളാണ് സൗബിന്‍; ഷൈന്‍ ടോം ചാക്കോ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th June 2021, 4:50 pm

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറും നടന്‍ ഷൈന്‍ ടോം ചാക്കോയും അടുത്ത സുഹൃത്തുക്കളാണ്. സൗബിന്‍ പണ്ട് മുതലേ ഫാഷനെ ഫോളോ ചെയ്യുന്ന ഒരാളാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.

ഫോട്ടോ ഷൂട്ടൊന്നും ഇല്ലാതിരുന്ന കാലത്ത് തന്നെ സൗബിന് അത്തരം താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഫോട്ടോ ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ സുഹൃത്തുക്കളെ സൗബിന്‍ പലപ്പോഴും വിളിച്ചിട്ടുണ്ടെന്നും ഷൈന്‍ പറയുന്നു.

‘പച്ചക്കുതിര എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തത് സൗബിന്റെ ഉപ്പയാണ്. ആ ചിത്രത്തില്‍ സംവിധായകനായ കമല്‍ സാറിനെ അസിസ്റ്റ് ചെയ്തത് ഞാനായിരുന്നു. അവിടെ നിന്നാണ് ആദ്യമായി സൗബിനെ പരിചയപ്പെടുന്നത്. അന്നേ നല്ല ഫാഷനബിള്‍ ആയിട്ടുള്ള സൗബിന്‍ സെറ്റിലേക്ക് പുതിയ ജീന്‍സുകളും ടീഷര്‍ട്ടുകളും തൊപ്പികളും വാച്ചുകളുമെല്ലാം കൊണ്ടുവരും.

ഫോട്ടോ ഷൂട്ട് ചെയ്യാം എന്നൊരു ഐഡിയയും സൗബിനാണ് അന്ന് കൊണ്ടുവരുന്നത്. അന്ന് ഫോട്ടോ ഷൂട്ടൊന്നും ഉണ്ടായിരുന്നില്ല. ബിഗ്ബിക്ക് ശേഷമൊക്കെയാണ് ഫോട്ടോ ഷൂട്ടൊക്കെ വന്നു തുടങ്ങുന്നത്. എന്നാല്‍ സൗബിന്‍ ഞങ്ങളുടെയൊക്കെ പിന്നാലെ നടന്ന് ഫോട്ടോ ഷൂട്ടിന് വരോ എന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ അന്ന് അത് അത്ര കാര്യമായി എടുത്തില്ല,’ ഷൈന്‍ ടോം പറഞ്ഞു.

സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ഷൈന്‍ പറയുന്നുണ്ട്.

‘തിരുവനന്തപുരത്ത് ഞാന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടില്‍ ആയിരിക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടനെ സൗബിനെ വിളിച്ച് എവിടെയാണ് പടത്തിന്റെ സ്റ്റേയും മറ്റു കാര്യങ്ങളും എന്ന് ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണെന്ന് സൗബിന്‍ പറഞ്ഞു. ഞാന്‍ ഷൂട്ട് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് വിട്ടു. അവനെ കണ്ടപ്പോള്‍ എനിക്ക് ഡെയ്റ്റ്സ് ഉണ്ട്, പടം തുടങ്ങല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതിന് നിന്നെ ആര് വിളിച്ചു എന്നാണ് സൗബിന്‍ എന്നോട് ചോദിച്ചത്,’ ഷൈന്‍ പറയുന്നു.

സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടത്. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shine Tom Chacko says about Soubins fashion