സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തി ഇന്ന് മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയരംഗത്തേക്കെത്തിയ ഷൈന്‍ ഗദ്ദാമയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഷൈന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഒരു നടന്റെ പെര്‍ഫോമന്‍സ് കണ്ട് താന്‍ ആദ്യമായി പകച്ചുപോയത് ഫഹദ് ഫാസിലിന്റെയായിരുന്നെന്ന് ഷൈന്‍ ടോം പറഞ്ഞു. ചാപ്പാ കുരിശ് എന്ന സിനിമയില്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്ന് താരം പറയുന്നു.
അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് തനിക്ക് ആദ്യമായി ലഭിച്ചത് ഫഹദില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുവരെ മമ്മൂട്ടിയെപ്പോലെയോ മോഹന്‍ലാലിനെപ്പോലെയോ ആകണമെന്നായിരുന്നു തന്റെ ചിന്തയെന്നും ഫഹദിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ അത് മാറിയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു നടന്റെ പെര്‍ഫോമന്‍സ് നേരില്‍ കണ്ടത് അത്ഭുതപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഫഹദിന്റെയാണ്. ചാപ്പാ കുരിശ് എന്ന് പറഞ്ഞ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ പടത്തില്‍ ഫഹദിന്റെ ചില സീനുകളിലെ പെര്‍ഫോമന്‍സ് അത്രക്ക് ഗംഭീരമായിരുന്നു. അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് എനിക്ക് ആദ്യമായി കിട്ടുന്നത് ഫഹദിന്റെയടുത്ത് നിന്നായിരുന്നു.
അതുവരെ മമ്മൂക്കയെപ്പോലെ, അല്ലെങ്കില്‍ ലാലേട്ടനെപ്പോലെയൊക്കെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഫഹദിന്റെ അഭിനയം കണ്ടിട്ട് സത്യം പറഞ്ഞാല്‍ പകച്ചുപോയി. അയാള്‍ വളരെ സിമ്പിളായി പെര്‍ഫോം ചെയ്യുകയാണ്. നമ്മള്‍ കണ്ടുശീലിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് അയാളുടെ അഭിനയം,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഛായാഗ്രഹകനായ സമീര്‍ താഹിര്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ചാപ്പാ കുരിശ്. ഹാന്‍ഡ് ഫോണ്‍ എന്ന കൊറിയന്‍ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം വലിയ വിജയമായി. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ചിത്രത്തിലെ പെര്‍ഫോമന്‍സിലൂടെ ഫഹദ് സ്വന്തമാക്കിയിരുന്നു.
Content Highlight: Shine Tom Chacko saying he felt awestruck after watching the performance of Fahadh Faasil in Chappa Kurishu movie