ഞാൻ വിനായകനെ സപ്പോർട്ട് ചെയ്യുന്നില്ല, ആരും തമ്മിൽ അടി ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ: ഷൈൻ ടോം ചാക്കോ
Entertainment
ഞാൻ വിനായകനെ സപ്പോർട്ട് ചെയ്യുന്നില്ല, ആരും തമ്മിൽ അടി ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th July 2023, 8:04 am

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചതിന്റെ പേരിൽ വിനായകൻ മാത്രമാണോ കുറ്റക്കാരൻ എന്ന് നടൻ ഷൈൻ ടോം ചാക്കോ ചോദിച്ചിരുന്നു. തൻെറ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് ശേഷം വീണ്ടും പ്രതികരിച്ചിരിക്കുകയായാണ് ഷൈൻ.

താൻ വിനായകനെ സപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷൈൻ ടോം പറഞ്ഞു. ആരും തമ്മിൽ വഴക്കുണ്ടാകാതിരിക്കാൻ പറഞ്ഞതാണെന്നും മുന്നിൽ നടന്ന കാര്യം വിശദീകരിച്ചുവെന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റിലീസായ തന്റെ പുതിയ ചിത്രം കുറുക്കന്റെ പ്രൊമോഷന് വേണ്ടി തിയേറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനായകനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. ആരും തമ്മിൽ അടിപിടി ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ. നമ്മുടെ മുന്നിൽ നടക്കുന്ന കാര്യങ്ങൾ ഒന്ന് വിശദീകരിച്ചുവെന്നുയുള്ളു. ഞാൻ വിനായകനെയും സപ്പോർട്ട് ചെയ്തിട്ടില്ല അതിനു മുന്നെയുള്ളവരെയും സപ്പോർട്ട് ചെയ്തിട്ടില്ല.

മോശമായി സംസാരിക്കുന്നത് ചിലപ്പോൾ മറ്റുള്ളവർക്ക് വേദനയുണ്ടാക്കും. അദ്ദേഹത്തെ നിരന്തരമായി വേദനിപ്പിച്ചവരെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ഈ വിഷയത്തിൽ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാധ്യമങ്ങൾക്കെതിരെ കുറ്റമില്ലെന്നും മരണ ശേഷം ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷൈൻ പറഞ്ഞു.

ഭരണത്തിൽ ഇരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ മാധ്യമങ്ങൾ അദ്ദേഹം മരിച്ചതിനു ശേഷം കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും 15 സെക്കൻഡ് സമയം മാത്രം ദൈർഖ്യമുള്ള വീഡിയോ ചെയ്ത വിനായകനെ മാത്രം കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിനായകന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Content Highlights: Shine Tom Chacko on Vinayakan issue