തെറ്റായ റിവ്യൂസ് സിനിമകളെ മോശമായി ബാധിക്കുമെന്ന് നടൻ ഷൈൻ ടോം ചാക്കോ. നെഗറ്റീവ്സ് റിവ്യൂസ് പറയാനുള്ള അവകാശം ആളുകൾക്കുണ്ടെന്നും എന്നാൽ അത് പൊതുവേദികളിൽ പറയുന്നത് സിനിമയെ തകർക്കാനുള്ള ശ്രമമാണെന്നും ഷൈൻ പറഞ്ഞു. അശ്വന്ത് കോക്കിന്റെ പരാമർശത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെറ്റായ റിവ്യൂകൾ സിനിമകളെ മോശമായി ബാധിക്കുന്നുണ്ട്. ഒരാളെ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പ്രോഡക്‌ഷനെപ്പറ്റി ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ കുറച്ച് ആളുകളെങ്കിലും വിശ്വസിക്കും. എല്ലാവർക്കും സിനിമ കാണാൻ പറ്റിയെന്നുവരില്ല. സിനിമ കാണാൻ ആഗ്രഹിച്ചിരിക്കുന്നവർ ഒക്കെ ഇത്തരത്തിലുള്ള കമന്റുകളും റിവ്യൂകളും കാണില്ലേ.
റിവ്യൂ കൊടുക്കാനുള്ള അവകാശം എല്ലാവർക്കും പൂർണമായും ഉണ്ട്. പറയേണ്ടവർക്ക് പറയാം, പക്ഷെ അതൊരു പൊതുവേദിയിൽ വന്ന് പറയേണ്ട കാര്യമില്ല. ഇത്തരത്തിൽ പൊതുവേദിയിൽ വന്ന് പറയുന്നത് ഒരു സിനിമയെ തകർക്കാനുള്ള ശ്രമമാണ്,’ ഷൈൻ പറഞ്ഞു.
തന്റെ സിനിമ കുറ്റമറ്റതാണെന്ന് പറയുന്നില്ലെന്നും, വളരെ ചുരുങ്ങിയ ബജറ്റിൽ ചെറിയ കാലയളവ്യ്ക്കൊണ്ട് നിർമിച്ച ചിത്രമാണെന്നും ഷൈൻ പറഞ്ഞു. ചിത്രത്തിലെ പോരായ്മകൾ എന്തൊക്കെയാണെന്ന് തനിക്കറിയാമെങ്കിൽകൂടിയും ജനങ്ങളിലേക്ക് എത്തേണ്ട ചില കാര്യങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ ചിത്രം പെർഫെക്റ്റ് ആണെന്ന് ഞാൻ പറയുന്നില്ല. ഞങ്ങൾ കയ്യിലുള്ള താരങ്ങളെ വെച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് ചെറിയ ബജറ്റിൽ ഉണ്ടാക്കിയ ചിത്രമാണ്. അതിൽ പോരായ്മകൾ ഒക്കെ ഉണ്ടാകും. അത് ആരും പറയാതെ തന്നെ ഞങ്ങൾക്ക് അറിയാം. പക്ഷെ അതിൽ ജനങ്ങളിലേക്ക് എത്തേണ്ട ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എല്ലാത്തിലും തെറ്റുകൾ ഉണ്ടാകും,’ ഷൈൻ പറഞ്ഞു.
Content Highlights: Shine Tom Chacko on Ashwanth KoK